നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി

 

വിചാരണ കോടതി ആവശ്യപ്പെട്ടത് പ്രകാരം 2024 മാര്‍ച്ച് 31 വരെയാണ് സമയം നീട്ടി നല്‍കിയത്. എട്ട് മാസത്തെ സമയപരിധിയാണ് അനുവദിച്ചത്

 

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കണമെന്ന ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസും ബേല എം ത്രിപേദിയും അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.

ദീലിപീന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വിചാരണ അനന്തമാക്കി നീട്ടികൊണ്ടുപോകാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുന്നുവെന്ന് കോടതിയില്‍ അറിയിച്ചു. എന്നാല്‍ വിചാരണയ്ക്ക് സമയക്രമം നിശ്ചയിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് അനിരുദ്ധബോസ് അറിയിച്ചു. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം മൂന്ന് മാസവും അഭിഭാഷകരുടെ വാദം പൂര്‍ത്തിയാക്കാനും മറ്റ് നടപടികള്‍ക്കുമായി അഞ്ച് മാസവും വേണ്ടി വരുമെന്നാണ് വിചാരണ കോടതി ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് സുപ്രിംകോടതിക്ക് കത്ത് നല്‍കിയത്.

വിചാരണ പൂര്‍ത്തിയാക്കാന്‍ നല്‍കിയ സമയപരിധി ജൂലൈ 31ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നത്.