നടി തൃഷയെക്കുറിച്ചു നടത്തിയ വിവാദ പരാമർശത്തിൽ ഖേദ പ്രകടനവുമായി നടൻ മൻസൂർ അലി ഖാൻ.
തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മൻസൂർ അലി ഖാൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. സംഭവം വൻ വിവാദമാവുകയും തമിഴ് സിനിമാ ലോകം ഒന്നടങ്കം കടുത്ത വിമർശനവുമായി രംഗത്തെത്തുകയും ചെയ്തതിനു പിന്നാലെയാണ് മൻസൂർ അലി ഖാൻ ക്ഷമാപണം നടത്തിയത്.
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലെ പരാമർശമാണ് വിവാദമായത്.
തൃഷയാണു നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് നടൻ പറഞ്ഞു.
മുൻ സിനിമകളിൽ പീഡന രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ അവസരം ലഭിക്കാറില്ലെന്നും കൂട്ടിച്ചേർത്തു. ഖുഷ്ബു, റോജ എന്നീ നടിമാരെക്കുറിച്ചും മോശം പരാമർശങ്ങൾ നടത്തിയിരുന്നു.