അവകാശികളില്ലാതെ കിടക്കുന്നത് 42270 കോടി; ആർബിഐയുടെ കണക്കുകൾ
അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത് 42,270 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കുകളിൽ അവകാശികളിലാത്ത നിക്ഷേപങ്ങളിൽ 28 ശതമാനം വർധനയാണ് ഉണ്ടായത്. തൊട്ടുമുൻവർഷം, പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിൽ അവകാശികളിലാത്ത നിക്ഷേപങ്ങൾ 32,934 കോടി രൂപയായിരുന്നു. 2023 മാർച്ച് അവസാനം വരെയുള്ള കണക്കുകളനുസരിച്ച് 36,185 കോടി രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ പൊതുമേഖലാ ബാങ്കുകളിലാണ്. 6,087 കോടി രൂപയാണ് സ്വകാര്യമേഖലാ ബാങ്കുകളിലുള്ളത്.
അവകാശികളില്ലാത്ത നിക്ഷേപം 10 വർഷമോ അതിൽ കൂടുതലോ കാലമായി ബാങ്കിൽ കിടക്കുന്നുണ്ടെങ്കിൽ, അത് ആർബിഐയുടെ ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് (DEA) ഫണ്ടിലേക്ക് കൈമാറണം.
എന്താണ് അവകാശികളില്ലാത്ത നിക്ഷേപങ്ങൾ?
കാലാവധി പൂർത്തിയാകുന്ന തീയതി മുതൽ 10 വർഷമോ അതിൽ കൂടുതലോ വർഷം ഒരു ഉപയോക്താവിന്റെ സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടുകളിൽ അവശേഷിക്കുന്ന ബാലൻസുകളാണ് ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ. റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരം, പത്ത് വർഷമോ അതിൽ കൂടുതലോ പ്രവർത്തനരഹിതമായ അക്കൗണ്ടുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ലിസ്റ്റ് ബാങ്കുകളുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കാനും ഇടപാടുകാർ എവിടെയാണെന്ന് കണ്ടെത്താനും ആ വ്യക്തി മരണപ്പെട്ടാൽ നിയമപരമായ അവകാശികളെ കണ്ടെത്താനും ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബാങ്കുകളിലുടനീളം ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ തിരയാനും യഥാർത്ഥ ബാങ്ക് അക്കൗണ്ട് ഉടമകളെ കണ്ടെത്താനും ആർബിഐ ഒരു കേന്ദ്രീകൃത വെബ് പ്ലാറ്റ്‌ഫോം ആയ അൺക്ലെയിംഡ് ഡെപ്പോസിറ്റ് ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ (യുഡിജിഎം) സ്ഥാപിച്ചിട്ടുണ്ട്. ആർബിഐയുടെ പുതിയ കാമ്പെയ്‌നായ ‘100 ഡേയ്‌സ് 100 പേയ്‌സ്’ പ്രകാരം, 31 പ്രധാന ബാങ്കുകൾ ചേർന്ന് ₹1,432.68 കോടി തിരികെ നൽകിയിട്ടുണ്ട്.