സാങ്കേതികവിദ്യയുടെ വലിയൊരു കാൽവയ്പ്പാണ് പൊഖ്റാൻ ആണവ പരീക്ഷണം
സൈനിക ക്ഷേമ വകുപ്പ് ‘ജൻ ഭാഗീധാരി’ പരിപാടി സംഘടിപ്പിച്ചു
സാങ്കേതികവിദ്യയുടെ വലിയൊരു കാൽവയ്പ്പാണ് പൊഖ്റാൻ ആണവ പരീക്ഷണമെന്ന് കേരള എക്സ് സർവീസ്മെൻ വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറി റിട്ട. മേജർ കെ.ടി ഉണ്ണികൃഷ്ണൻ പറഞ്ഞു. പൊഖ്റാനിൽ ആണവ പരീക്ഷണം നടത്തിയതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ജൻ ഭാഗീധാരി’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് റിട്ട. കേണൽ എം.ഒ ഡാനിയൽ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ പുരോഗതിയാണ് സൈനികരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയിൽ രാജ്യം ഇനിയും പുരോഗതി കൈവരിക്കാൻ യുവതലമുറ ലോകത്തിന് ഉപകാരപ്രദമായ കണ്ടുപിടിത്തങ്ങൾ നടത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
1998 ലെ ആണവ പരീക്ഷണം വിജയിച്ചതിന്റെ ഭാഗമായി മെയ് 11ന് ആചരിക്കുന്ന ദേശീയ സാങ്കേതിക വിദ്യ ദിനത്തോടനുബന്ധിച്ച് ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കാക്കനാട് സൈനിക റസ്റ്റ് ഹൗസിലാണ് ജൻ ഭാഗീധാരി പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ സൈനികക്ഷേമ ഓഫീസർ റിട്ട. ലെഫ് കേണൽ വി.ജെ റീത്താമ്മ, മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥരായ എം.എൻ അപ്പുക്കുട്ടൻ, ബി മധുസൂദനൻ പിള്ള, മുൻ നേവി ഉദ്യോഗസ്ഥൻ വിമൽ കുമാർ, ജില്ലാ സൈനികക്ഷേമ ഓഫീസർ വി സുധാകരൻ എന്നിവർ പങ്കെടുത്തു.