10 ദിവസം, 57% മഴ; ഏറ്റവും കൂടുതൽ പത്തനംതിട്ടയിൽ
ചരിത്രത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റിന് ശേഷം സെപ്റ്റംബർ ചെറുതായി മഴ വർധിച്ചു. സെപ്റ്റംബർ മാസത്തിൽ ശരാശരി ലഭിക്കേണ്ട മഴ 272 മില്ലിമീറ്റർ ആണ്. ആദ്യ 10 ദിവസത്തെ കണക്കെടുത്താൽ 154 മി.മീ മഴ ലഭിച്ചിട്ടുണ്ട്. അതായത് ഈ മാസം ലഭിക്കേണ്ടതിന്റെ 57 ശതമാനം മഴ ഇതിനോടകം ലഭിച്ചിരിക്കുന്നു. ഓഗസ്റ്റ് മാസം മുഴുവൻ ലഭിച്ചത് 60 മി.മീ മഴ മാത്രമാണ്.
സെപ്റ്റംബർ 10 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 261 മി.മീ മഴ. ഈ മാസം ആകെ ലഭിക്കേണ്ട മഴയെക്കാൾ (251mm) 4% കൂടുതൽ ലഭിച്ചു കഴിഞ്ഞു. പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. അതേസമയം, ജൂൺ മുതൽ ഇതുവരെയുള്ള കണക്കെടുത്താൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട്, കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. നിലവിൽ ഇടുക്കി ഡാമിന്റെ സ്റ്റോറേജ് 31% ആണ്.
ചൊവ്വാഴ്ചയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചകവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവിൽ വടക്കുപടിഞ്ഞാറൻ മധ്യ പ്രദേശിനും വടക്ക് കിഴക്കൻ രാജസ്ഥാനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുമുണ്ട്. അതിനാൽ സംസ്ഥാനത്ത് നാല് ദിവസം മഴയ്ക്ക്സാധ്യതയുണ്ട്.