സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകൾ സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്
യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വർഷം പുതുതായി 10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ വർഷം 1000 യോഗ ക്ലബ്ബുകൾ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകൾ ഉണ്ടാകും. ശരാശരി ഒരു യോഗാ ക്ലബ്ബിൽ 25 അംഗങ്ങൾ ഉണ്ടായാൽ 10,000 യോഗ ക്ലബ്ബിലൂടെ 2,50,000 പേർക്ക് യോഗ അഭ്യസിക്കാൻ സാധിക്കും.ഇതിലൂടെ സമൂഹത്തിന് ഉണ്ടാകുന്ന ആരോഗ്യകരമായ മാറ്റം വലുതാണെന്നും മന്ത്രി പറഞ്ഞു. പത്താമത് അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ വർഷം ആരംഭിച്ച 1000 യോഗ ക്ലബ്ബുകളുടേയും 600 വനിതാ യോഗ ക്ലബ്ബുകളുടേയും പ്രവർത്തന റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചു.’യോഗ വ്യക്തിക്കും സമൂഹത്തിനും’ എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം.