പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്ക്‌ മിന്നുന്ന വിജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. രോഹിത്‌ ശർമ്മയുടെ തകർപ്പൻ ബാറ്റിങ്ങാണ്‌ താരതമ്യേന ചെറിയ സ്‌കോർ പിന്തുണർന്ന ഇന്ത്യയ്‌ക്ക്‌ ജയം അനായാസമാക്കിയത്‌. രോഹിത്‌ 63 പന്തിൽ 86 റൺസ്‌ നേടി പുറത്തായി. ആറ്‌ വീതം സ്‌ക്‌സും ഫോറും അടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്‌. സ്‌കോർ: പാകിസ്‌താൻ – 191 (42.5), ഇന്ത്യ – 192 – 3 (30.3). ഇന്ത്യക്കായി ശ്രേയസ്‌ അയ്യർ അർധസെഞ്ചുറി നേടി പുറത്താകാതെ നിന്നു 53 (62).

ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യ, പാകിസ്‌താനെതിരേ നേടുന്ന തുടര്‍ച്ചയായ എട്ടാം ജയമാണിത്. പാകിസ്‌താനോട് ഏകദിന ലോകകപ്പില്‍ തോറ്റിട്ടില്ലെന്ന റെക്കോഡ് ഇന്ത്യ നിലനിര്‍ത്തി.

ഇന്ത്യയ്‌ക്കായി തകര്‍ത്തടിച്ചാണ് രോഹിത് ശര്‍മ – ശുഭ്മാന്‍ ഗില്‍ സഖ്യം തുടങ്ങിയത്. ഡെങ്കിപ്പനി മൂലം ആദ്യ രണ്ട്‌ മത്സരങ്ങൾ നഷ്‌ടമായ ഗിൽ പരുങ്ങലില്ലാതെയാണ്‌ തുടങ്ങിയത്‌. എന്നാൽ 16 റൺസെടുത്ത്‌ നിൽക്കവെ ഷഹീൻ അഫ്രീഡിയുടെ പന്തിൽ പോയിന്റിൽ ക്യാച്ച്‌ നൽകി മടങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ വിരാട് കോലിയെ കൂട്ടുപിടിച്ച് രോഹിത് 56 റണ്‍സ് ചേര്‍ത്തതോടെ സ്‌കോർ മിന്നൽ വേഗത്തിൽ കുതിച്ചു. എന്നാൽ ഷോട്ട്‌ ബോളിൽ മോശം ഷോട്ട്‌ കളിച്ച്‌ കോലി പുറത്തായി.

പിന്നീടെത്തിയ ശ്രേയസ്‌ അയ്യരും രോഹിത്തും ചേർന്ന്‌ ഇന്ത്യൻ ജയം ഉറപ്പാക്കുകയായിരുന്നു. സെഞ്ചുറിയിലേക്ക്‌ കുതിച്ച രോഹിത്ത്‌ മടിയൻ ഷോട്ട്‌ കളിച്ച്‌ പുറത്തായെങ്കിലും കെ എൽ രാഹുലും ശ്രേയസും ചേർന്ന്‌ ഇന്ത്യയെ തീരത്തെത്തിച്ചു.