തുറമുഖങ്ങൾ വെട്ടിപ്പിടിച്ച് അദാനി
ഡൽഹി : വിമാനത്താവളവും വൈദ്യുതിയും കയറ്റുമതിയും ഖനിയും സിമന്റും ദേശീയ മാധ്യമവും ഒടുവിൽ
രാജ്യത്തെ പ്രധാന തുറമുഖങ്ങൾ വെട്ടിപ്പിടിച്ച് മുന്നേറുകയാണ് അദാനി ഗ്രൂപ്പ്. 2030 ഓടെ തുറമുഖങ്ങളിലെ ചരക്ക് കപ്പാസിറ്റി നാലിരട്ടിയായി 100 കോടി ടണ്ണായി വർധിപ്പിച്ച് 20,000 കോടി രൂപ മുതൽ മുടക്കി ഈ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്.
ഏറ്റവുമൊടുവിലായി ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം വാങ്ങാൻ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അദാനി പോർട്‌സ് തീരുമാനിച്ചു. ഈ തുറമുഖത്തിന്റെ 56 ശതമാനം ഓഹരിയും റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ പക്കലാണ്. ഇതിന് പുറമെ ഒറീസ സ്റ്റീവ്ഡോറസിൽ നിന്ന് 39 ശതമാനം ഓഹരിയും വാങ്ങും. ഇതോടെ ഗോപാൽപൂർ തുറമുഖത്തിന്റെ 95 ശതമാനം ഉടമസ്ഥാവകാശവും അദാനി പോർട്സിനായിരിക്കും. ഏകദേശം 3080 കോടി രൂപയാണ് ഈ ഇടപാടിനായി അദാനി ചെലവഴിക്കുക.
അദാനി പോർട്സിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഗോപാൽപൂർ തുറമുഖം വളരെയധികം സഹായിക്കുമെന്ന് അദാനി പോർട്ട്സ് എംഡി കരൺ അദാനി പറഞ്ഞു. അദാനി തുറമുഖങ്ങളുടെ ചരക്ക് കടത്ത് ശേഷിയും ഇത് വർധിപ്പിക്കും. നിലവിൽ ഇരുമ്പയിര്, കൽക്കരി, ചുണ്ണാമ്പുകല്ല്, ഇൽമനൈറ്റ്, അലുമിന എന്നിവയാണ് ഈ തുറമുഖത്ത് കൊണ്ടുപോകുന്നത്. അദാനി പോർട്സ് നിലവിൽ രാജ്യത്തിന്റെ പടിഞ്ഞാറൻ, കിഴക്കൻ തീരങ്ങളിൽ 12 തുറമുഖങ്ങളും ടെർമിനലുകളും പ്രവർത്തിപ്പിക്കുന്നു.