ഡൽഹിയിൽ രാഷ്‌ട്രപതി ഭരണം വരും? നീക്കങ്ങൾ ആരംഭിച്ച് കേന്ദ്രം
ഡല്‍ഹി: മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഡൽഹിയിൽ രാഷ്‌ട്രപതി ഭരണത്തിന് നീക്കം.
ഇത് സംബന്ധിച്ച് ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി. മുഖ്യമന്ത്രി ജയിലിലാകുന്നത് ഭരണഘടന പ്രതിസന്ധി ഉണ്ടാക്കുമെന്ന് ഡൽഹി ലഫ്റ്റന്‍റ് ഗവർണർക്ക് നിയമോപദേശം. കസ്റ്റഡിയിൽ ഇരുന്നും കെജ്‌രിവാൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ നേരത്തെ ബി.ജെ.പി ലഫ്റ്റനന്‍റ് ഗവർണർക്ക് പരാതി നൽകിയിരുന്നു.
കെജ്‌രിവാളിനെ ജയിലിനുള്ളില്‍നിന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ലഫ്. ഗവര്‍ണര്‍ വി. സക്‌സേന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെജ്‌രിവാള്‍ ജയിലില്‍ നിന്ന് ഡല്‍ഹിയുടെ ഭരണം തുടരുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ച പശ്ചാത്തലത്തിലായിരുന്നു സക്‌സേനയുടെ പ്രതികരണം. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21-നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.