എറണാകുളത്ത് ഫ്ലാറ്റിൽ മുന്നൂറിലേറെ പേർക്ക് ഛർദിയും വയറിളക്കവും;

എറണാകുളത്ത് ഫ്ലാറ്റിൽ മുന്നൂറിലേറെ പേർക്ക് ഛർദിയും വയറിളക്കവും;

കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയെന്നു സംശയിക്കുന്നു.ഇന്നലെ വരെ ഏകദേശം 338 പേർ ചികിത്സ തേടിയെന്നാണ് കണക്ക്.

കൊച്ചി: കാക്കനാട് ഫ്ലാറ്റിൽ മുന്നൂറിലേറെ പേർക്ക് ഛർദിയും വയറിളക്കവും. ഡിഎൽഎഫ് ഫ്ലാറ്റിലാണ് സംഭവം. കഴിഞ്ഞാഴ്ച മുതലാണ് കുട്ടികളും പ്രായമായവരുമടക്കം നിരവധി പേര്‍ രോഗബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയത്.‌
സംഭവത്തിൽ ആരോഗ്യ വകുപ്പ് കുടിവെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചു. ഇതിൽ കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

ജൂൺ ഒന്നിനാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ എണ്ണം വർധിക്കുകയായിരുന്നു. ഇന്നലെ വരെ ഏകദേശം 338 പേർ ചികിത്സ തേടിയെന്നാണ് കണക്ക്. ഇതിൽ അഞ്ച് വയസിൽ താഴെയുള്ള 25ലധികം കുട്ടികൾക്കും രോഗബാധ സ്ഥിരീകരിച്ചു.

15 ടവറുകളിലായി ഡിഎല്‍എഫിന് 1268 ഫ്ലാറ്റുകളും അതിൽ അയ്യായിരത്തിലധികം താമസക്കാരുമുണ്ട്. മെയ് 27, 28 തീയതികൾ പെയ്‌ത ശക്തമായ മഴയെ തുടർന്ന് കാക്കാനാട് വലിയ രീതിയിലുള്ള വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഫ്ലാറ്റിന്റെ താഴ്‌ഭാ​ഗം വരെ മുങ്ങിപോകുന്ന അവസ്ഥയുണ്ടായി. ഇതിന് പിന്നാലെയാണ് ആരോ​ഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഫ്ലാറ്റിന് താഴെത്തെ ജല സംഭരണിയിൽ മലിനജലം കയറിയതാകാം ആരോഗ്യപ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്.