പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള ലൈംഗീകാതിക്രമം : മദ്രസാധ്യാപകന് 5 വർഷം കഠിനതടവും പിഴയും

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള  ലൈംഗീകാതിക്രമം : മദ്രസാധ്യാപകന് 5 വർഷം കഠിനതടവും പിഴയും

ഇരിഞ്ഞാലക്കുട:- ബാലികക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിയ്ക്ക് 5 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു.
2022 ആഗസ്റ്റ് മാസം പകുതിയിൽ മതപഠനത്തിനെത്തിയ ബാലികയെ ലൈംഗീകമായി ഉപദ്രവിച്ചുവെന്ന്” ആരോപിച്ച് ഇരിങ്ങാലക്കുട പോലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ പ്രതിയായ തെക്കുംക്കര സ്വദേശി തൊയ്ബ് ഫർഹാൻ എന്ന ഇരുപത്തിയഞ്ച്കാരനെയാണ് കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളേയും 28 രേഖകളും 7 തൊണ്ടിവസ്തുക്കളും പ്രതിഭാഗത്തുനിന്ന് മൂന്ന് സാക്ഷികളെയും ഹാജരാക്കി തെളിവ് നൽകിയിരുന്നു. ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ പോലീസ് സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന എം. എസ്. ഷാജനാണ് കേസ്സ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസ്സിലെ രേഖകൾ അറബിക് ഭാഷയിലായതിനാൽ രേഖകളുടെ തർജ്ജമ ഹാജരാക്കി അറബിക് ഭാഷാവിദഗ്ദയെ അധികസാക്ഷിയായി വിസ്ത‌രിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സൺ ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പോക്സോ നിയമപ്രകാരം 5 വർഷം കഠിനതടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 3 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്. പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും കൂടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ട‌പരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകുവാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.