പുരാവസ്തു മറയാക്കി നടന്നതെന്ത്?
മോൺസൺ മാവുങ്കലിൻ്റെ പുരാവസ്തു തട്ടിപ്പ് കേസ് വീണ്ടും കേരളം ചർച്ച ചെയ്യുന്നു. എന്നാൽ ചാനൽ 91 ഇന്ന് ചർച്ച ചെയ്യുന്നത് പുരാവസ്തുക്കളുടെ മറവിൽ നടന്ന യഥാർഥ ഇടപാടുകളെ കുറിച്ചാണ്. മോൺസൺ മാവുങ്കലും, കേരളത്തിൽ ഇടക്കാലത്ത് വിവാദനായികയാവുകയും പൊടുന്നനെ അപ്രത്യക്ഷ ആവുകയും ചെയ്ത അനിത പുല്ലയിലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? പുരാവസ്തു ഇടപാടുകൾക്ക് പിന്നിൽ യഥാർഥത്തിൽ നടന്നത് മറയ്ക്കുന്നതിനു വേണ്ടിയാണോ സർക്കാരിന്റെയും അന്വേഷണ സംഘത്തിൻ്റെയും കള്ളക്കളികൾ ?
രണ്ടോ മൂന്നോ ആളുകൾ തമ്മിൽ നടന്ന പണമിടപാടാണ് പുരാവസ്തു തട്ടിപ്പ് എന്ന വലിയ കുറ്റകൃത്യമായി മാറിയത്. എന്നാൽ പുരാവസ്തുക്കൾ വിറ്റ് മോൺസൺ ആരെയെങ്കിലും പറ്റിച്ചു എന്ന ആരോപണം പോയിട്ട് ഒരു പരാതി പോലും നിലവില്ല. പിന്നെ എന്ത് ഇടപാട് മറയ്ക്കാനായാണ് പുരാവസ്തു തട്ടിപ്പ് എന്ന കഥ മെനഞ്ഞെടുത്തത്? മോൺസൺ മാവുങ്കൽ ആരുടെയും കയ്യിൽ നിന്ന് നേരിട്ട് പണം വാങ്ങിയതായി ഇപ്പോഴും പരാതിയില്ല. അയാളുടെ ജീവനക്കാരനായിരുന്ന അനൂപ് വി അഹമ്മദാണ് പലരിൽ നിന്നും മോൺസൺ മാവുങ്കലിനായി പണം വാങ്ങിയത്. ഇയാളുടെ മറ്റു ചില ജീവനക്കാർ വഴിയും പണം നൽകിയതായി പരാതിയുണ്ട്. പരാതിക്കാരിൽ പത്ത് കോടി രൂപ പലപ്പോഴായി മൊൻസൻ വാങ്ങി എന്നതാണ് കേസ്. എന്നാൽ ഇതിൽ ചെറിയ തുക മാത്രമാണ് ബാങ്ക് അക്കൗണ്ട് വഴി മൊൺസണ് നൽകിയിട്ടുള്ളത്. മറ്റെല്ലാം പരാതിക്കാർ കൊടുത്തു എന്നവകാശപ്പെടുന്ന കണക്കിൽ പെടാത്ത പണമാണ്. ഇത്തരം കള്ളപ്പണ ഇടപാട് നടന്നിട്ടും അതിലേക്ക് അന്വേഷണം നീളാതെ മോൺസൺ മാവുങ്കലിനെ മാത്രം അഴിക്കുള്ളിലാക്കി ചില കാര്യങ്ങൾ പുറത്തു വരാതിരിക്കാനുള്ള തന്ത്രമാണോ അണിയറയിൽ ഒരുങ്ങുന്നത്?