പോലീസിലെ ആത്മഹത്യ: മാനസികസമ്മര്‍ദം കുറയ്ക്കാന്‍ കൗണ്‍സലിങ്- സര്‍ക്കുലര്‍

പോലീസിലെ ആത്മഹത്യ: മാനസികസമ്മര്‍ദം കുറയ്ക്കാന്‍ കൗണ്‍സലിങ്- സര്‍ക്കുലര്‍

മാനസികസമ്മര്‍ദം മൂലം പോലീസുകാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മതിയായ കൗണ്‍സിലിങ് നല്‍കണമെന്ന് സര്‍ക്കുലര്‍. പോലീസുകാരിലെ ആത്മഹത്യകളും ആത്മഹത്യാപ്രവണതകളും അടുത്തകാലത്തായി വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് കുറയ്ക്കുന്നതിനായി കൗണ്‍സിലിങ് ആണ് പ്രധാനമായും സര്‍ക്കുലര്‍ മുന്നോട്ട് വയ്ക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സര്‍ക്കുറല്‍ ഇറക്കിയിരിക്കുന്നത്.

പരാതികളും വിഷമങ്ങളും അവതരിപ്പിക്കാന്‍ സ്‌റ്റേഷനില്‍ മെന്ററിങ് സംവിധാനം വേണമെന്നും അര്‍ഹമായ അവധികള്‍ നല്‍കണമെന്നും ആഴ്ചയില്‍ ഒരു ദിവസം യോഗ പോലുള്ള പരിശീലനങ്ങള്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. വീക്ക്‌ലി ഓഫ്, വിവാഹവാര്‍ഷികത്തിനും കുട്ടികളുടെ ജന്മദിനത്തിനും അവധി തുടങ്ങിയവ കൃത്യമായി നല്‍കണമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട നിര്‍ദേശം.
മാനസികസമ്മര്‍ദമുണ്ടാകുന്ന പോലീസുകാര്‍ക്ക് ഇത് കുറയ്ക്കുന്നതിന് സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.