മൂന്നു സംസ്ഥാനങ്ങളിൽ ബിജെപിക്ക് മുന്നിൽ മുട്ടുമടക്കി കോൺഗ്രസ്; പിടിവള്ളിയായത് തെലങ്കാന
മധ്യപ്രദേശിലും രാജസ്ഥാനിലും മിന്നുന്ന വിജയവുമായി ബിജെപിയുടെ ജൈത്രയാത്ര. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ സംസ്ഥാനങ്ങളിൽ പതിവ് പോലെ കനത്ത പരാജയം ഏറ്റുവാങ്ങി കോൺഗ്രസ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ അധികാരം ഉറപ്പിച്ചപ്പോൾ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയുടെ ജൈത്രയാത്രയ്ക്ക് യാതൊരു കോട്ടവും വന്നിട്ടില്ല എന്നു വ്യക്തം. ഛത്തീസ്ഗഡും രാജസ്ഥാനും കോൺഗ്രസിൽനിന്നു പിടിച്ചെടുത്തതോടെ വൻ ആത്മവിശ്വാസമാണ് ബിജെപിക്കുണ്ടായിരിക്കുന്നത്. മധ്യപ്രദേശ് നിലനിർത്തുക കൂടി ചെയ്തതോടെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ഒരു ചുവടുകൂടി വച്ചിരിക്കുകയാണ് ബിജെപി.
രാജസ്ഥാനിൽ ബിജെപി ഭരണം പിടിക്കുമെന്നായിരുന്നു പ്രവചനം. ഛത്തീസ്ഗഡിൽ കോൺഗ്രസും, മധ്യപ്രദേശിൽ വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാതെയുമായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. എന്നാൽ പ്രവചനങ്ങളെ എല്ലാം കാറ്റിൽ പറത്തിയാണ് ബിജെപി വിജയം ഉറപ്പിച്ചത്. കമൽനാഥിന്റെ നേതൃത്വത്തിൽ മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
രാജസ്ഥാനിലും കോൺഗ്രസിന്റെ അവസ്ഥ ദയനീയമാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം പാർട്ടിയെ തകർത്തു. ഉൾപാർട്ടി പ്രശ്നങ്ങൾ ബിജെപിക്കും ഉണ്ടായിരുന്നിട്ടും അനായാസം വിജയം ഉറപ്പിക്കാൻ പാർട്ടിക്കായി.
ഛത്തീസ്ഗഡിൽ ലീഡ് നിലയിൽ കോൺഗ്രസ് ഏറെ മുന്നിട്ടു നിന്നെങ്കിലും അവസാന ഘട്ടത്തിലേക്കെത്തിയപ്പോൾ ബിജെപി ചുവടുറപ്പിച്ചു. ഇതോടെ ഛത്തീസ്ഗഡിലും കോൺഗ്രസിന്റെ പ്രതീക്ഷ അസ്തമിച്ചു. മധ്യപ്രദേശിൽ ഭൂരിപക്ഷം വർധിപ്പിച്ച് ഭരണത്തുടർച്ച ബിജെപി ഉറപ്പാക്കി. രാജസ്ഥാനും ഛത്തീസ്ഗഡും കോൺഗ്രസിൽ നിന്നും പിടിച്ചെടുത്തു. ഇതോടെ ഫലപ്രഖ്യാപനം നടന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നും ബിജെപി പിടിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതേ വിജയം ആവർത്തിക്കാൻ സാധിക്കുമെന്ന ഉറപ്പിലാണ് ബിജെപി.
തെലങ്കാന കോൺഗ്രസിന് പിടിവള്ളിയായിരിക്കുകയാണ്. തുടർഭരണം നടത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന ബിആർഎസ് കോൺഗ്രസിന് മുന്നിൽ തകർന്നുവീണു. മൂന്നാം തവണയും അധികാരത്തിലേറുക എന്ന കെ.ചന്ദ്രശേഖര റാവുവിന്റെ സ്വപ്നം പൊലിഞ്ഞു. നാല് സംസ്ഥാനങ്ങളിൽ ഒന്നുകൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ് കോൺഗ്രസ്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സെമി ഫൈനൽ എന്ന വിശേഷിപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ നാലു സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് പുറത്തുവന്നത്. ഇതോടെ ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപി അജയ്യരായി മാറി. ഈ സംസ്ഥാനങ്ങൾക്കൊപ്പം തിരഞ്ഞെടുപ്പ് നടത്തിയ മിസോറാമിലെ ഫലം നാളെ പുറത്തുവരും.