ഇനിയും മാറ്റാനുള്ളത് 9760 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍
2000 രൂപ നോട്ടുകളിൽ 97.26 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 9,760 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുകയോ മാറുകയോ ചെയ്തിട്ടില്ലെന്നും ആർബിഐ. മെയ് 19 നാണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് ആർബിഐ പിൻവലിച്ചത്.
ആകെ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത്. നോട്ട് പിൻവലിച്ചതിന് ശേഷം 2023 നവംബർ 30 ആയപ്പോഴേക്കും 97.26 ശതമാനാവും തിരിച്ചെത്തി. ഇനി 9,760 കോടി രൂപ മാത്രമാണ് അവശേഷിക്കുന്നതെന്നും ആർബിഐ വാർത്താക്കുറിപ്പിൽ പറയുന്നു. 2000 രൂപ നോട്ടുകൾ ഇപ്പോഴും സാധുവാണ്.
നേരത്തെ 2000 നോട്ടുകൾ കൈവശം വച്ചിരിക്കുന്ന പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും സെപ്തംബർ 30-നകം അവ മാറുകയോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. സമയപരിധി പിന്നീട് ഒക്ടോബർ 7 വരെ നീട്ടി. ആര്‍ബിഐയുടെ 19 ഓഫീസുകളില്‍ നോട്ടുകള്‍ മാറ്റാനുള്ള സൗകര്യം തുടരുകയാണെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്.