കെപിപിഎല്ലിൽ കടലാസ് ഉൽപ്പാദനം പുനരാരംഭിച്ചു
വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) കടലാസ് ഉൽപാദനം പുനരാരംഭിച്ചു. തീപിടിത്തമുണ്ടായി രണ്ടുമാസം തികയുന്നതിന് മുമ്പാണ് വീണ്ടും പ്ലാന്റ് പ്രവർത്തനസജ്ജമായത്. ട്രയൽറൺ ഏതാനും ദിവസംമുമ്പേ ആരംഭിച്ചെങ്കിലും വലിയതോതിലുള്ള കടലാസ് ഉൽപാദനത്തിലേക്ക് കടന്നത് ഇന്നലെ വൈകിട്ടാണ്. അടുത്തദിവസം മുതൽ പഴയതുപോലെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെപിപിഎൽ അധികൃതർ അറിയിച്ചു. ദിവസം 200 ടൺ ന്യൂസ്പ്രിന്റാണ് ഉൽപാദിപ്പിച്ചിരുന്നത്.
ഒക്ടോബർ അഞ്ചിനായിരുന്നു കെപിപിഎല്ലിലെ പ്രധാന യന്ത്രമായ പേപ്പർ മെഷീനിന് തീപിടിച്ചത്. “വൊയ്ത്’ എന്ന ജർമൻ കമ്പനിയുടേതാണ് കത്തിപ്പോയ മെഷീൻ. അറ്റകുറ്റപ്പണിക്കായി വയറിങ്, ക്ലോത്തിങ് അടക്കം എല്ലാം പുതിയത് എത്തിച്ചു. മുഴുവൻ തൊഴിലാളികളും കെപിപിഎൽ ഉദ്യോഗസ്ഥരും ഒന്നിച്ചുനിന്നുള്ള പരിശ്രമത്തിലൂടെയാണ് കാലതാമസമില്ലാതെ അറ്റകുറ്റപ്പണി പൂർത്തീകരിച്ച് കടലാസ് ഉൽപാദനം ആരംഭിച്ചത്.