സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിക്ക് പണം പിരിക്കണം; വിവാദ ഉത്തരവ് പിൻവലിച്ചു
സ്കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള നടപടികളിൽ നിന്നു സർക്കാർ പിന്മാറി. ഇതു സംബന്ധിച്ച് 15ന് ഇറക്കിയ സർക്കുലർ റദ്ദാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. സ്‌കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിക്കുള്ള ചെലവിനായി നാട്ടുകാരിൽനിന്നു പലിശരഹിത വായ്‌പ സ്വീകരിക്കാമെന്നായിരുന്നു ഉത്തരവ്. കേന്ദ്ര ഫണ്ട് വൈകുന്നുവെന്നു കാണിച്ചാണ് നാട്ടുകാരുടെ സഹായം തേടാനുള്ള നീക്കം.
സർക്കാർ, എയ്‌ഡഡ്, സ്‌പെഷൽ സ്‌കൂളുകളിൽ 30നകം ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കണം. സമിതി സ്കൂളിൽ നിലവിലുള്ള ഉച്ചഭക്ഷണ കമ്മിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നായിരുന്നു ഉത്തരവ്. രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, പൗരപ്രമുഖർ എന്നിവരിൽ നിന്നു പലിശരഹിത വായ്‌പ ലഭ്യമാക്കാൻ കഴിയുമോയെന്നു സമിതി കണ്ടെത്തണം.സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്ന മുറയ്‌ക്കു വായ്‌പ തിരികെ നൽകേണ്ടത് ഇവരുടെ ചുമതലയാണ്.