പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യത:ഡോ. കെ.സി.ജോസഫ്.
മുട്ടാർ : ആഗോളതാപനത്തിന്റെ പരിണതഫലമായി കനത്ത നാശം വിതക്കുന്ന പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യരുടെയും കർത്തവ്യമാണെന്ന് ജനാധിപത്യ കേരളാകോൺഗ്രസ് ചെയർമാൻ ഡോ.കെ.സി.ജോസഫ് പ്രസ്താവിച്ചു.
മഴയും മഞ്ഞും കാറ്റും കടലുമെല്ലാം മനുഷ്യനെ ഭയപ്പെടുത്തുന്ന പ്രതിഭാസങ്ങളായി മാറിയത് നാം പ്രകൃതിയെ ചൂഷണം ചെയ്ത് അതിന് താളഭംഗം വരുത്തിയതു മൂലമാണ്.മരങ്ങൾ നടുകയും സംരക്ഷിക്കുകയും അവയെ സ്നേഹിക്കുകയും ചെയ്യുന്ന പുതിയ സംസ്ക്കാരം ഉരുത്തിരിഞ്ഞാൽ മാത്രമേ പ്രകൃതിക്ക് അതിന്റെ താളം വീണ്ടെടുക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
മുട്ടാർ ഗവണ്മെന്റ് സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജനാധിപത്യ കേരള വനിതാ കോൺഗ്രസ് സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യവനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ശ്രീമതി രാഖി സഖറിയാ അദ്ധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന ട്രഷറർ കെ.സി.ജോസഫ്,മുട്ടാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിനി ജോളി, ബാബു ആറുപറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബൻ ചൂരക്കുററി, ജെയ്ജോ ശ്രാമ്പിക്കൽ, ജോയൽ മുട്ടാർ എന്നിവർ പ്രസംഗിച്ചു