സമ്പൂര്‍ണ ജയത്തോടെ ഇന്ത്യ സെമി ഫൈനലിന്; നെതര്‍ലന്‍ഡ്സിനെതിരെ കൂറ്റന്‍ ജയം

സമ്പൂര്‍ണ ജയത്തോടെ ഇന്ത്യ സെമി ഫൈനലിന്; നെതര്‍ലന്‍ഡ്സിനെതിരെ കൂറ്റന്‍ ജയം

ഏകദിന ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ ഒമ്പത് മത്സരങ്ങളും വിജയിച്ച് ഇന്ത്യ. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഡച്ച് പട 47.5 ഓവറില്‍ 250ന് എല്ലാവരും പുറത്തായി.

ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്,, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ഓരോ വിക്കറ്റുണ്ട്.

54 റണ്‍സ് നേടിയ താജ നിഡമാനുരുവാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍.

ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ ഓപ്പണർമാരായ രോഹിത്‌ ശർമ്മയും 61 (54) ശുഭ്‌മൻ ഗില്ലും 51 (34) മികച്ച തുടക്കം നൽകിയ ഇന്നിങ്സ്‌ മധ്യനിര ഭംഗിയായി മുതലാക്കുകയായിരുന്നു. ഓപ്പണിങ്‌ കൂട്ടുകെട്ട്‌ 100 റൺസ്‌ തികച്ചതിന്‌ ശേഷമാണ്‌ ഗിൽ പുറത്തായത്‌. പിന്നാലെയെത്തിയ വിരാട്‌ കോലി സ്‌കോറിങ്‌ വേഗം കുറച്ചെങ്കിലും അർധസെഞ്ചുറി നേടി 51 (56). റൺസ്‌ ഉയർത്താനുള്ള ശ്രമത്തിനിടെ രോഹിത്‌ ശർമ്മ പുറത്തായി. ശേഷം എത്തിയ ശ്രേയസ്‌ അയ്യർ റൺറേറ്റ്‌ വീണ്ടും ഉയർത്തി. ടീം സ്‌കോർ 200 ൽ നിൽക്കേ കോലി പുറത്തായി. പിന്നീട്‌ എത്തിയ രാഹുലും ശ്രേയസും ചേർന്ന്‌ 208 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്‌. 49 ആം ഓവറിൽ ടീം സ്‌കോർ 408 ൽ നിൽക്കെയാണ്‌ രാഹുൽ പുറത്തായത്‌.