ഫിക്കി സമ്മേളനം സമാപിച്ചു.

ഫിക്കി സമ്മേളനം സമാപിച്ചു.

കേരളത്തിൻ്റെ വളർച്ചക്ക് പുതിയ സാധ്യതകൾ തേടണമെന്ന പ്രഖ്യാപനത്തോടെ ഫിക്കി സമ്മേളനം സമാപിച്ചു.

കേരളത്തിൻ്റെ വളർച്ചക്ക് വൈവിധ്യവത്കരണവും പുതിയ സാധ്യതകളും മുൻനിർത്തി പുത്തൻ വിപണന തന്ത്രങ്ങൾ വേണമെന്ന ” കൊച്ചി പ്രഖ്യാപന ” ത്തോടെ രണ്ട് ദിവസമായി നടന്ന കേരള വികസന സമ്മേളനം സമാപിച്ചു. ഫിക്കിയാണ് കെ എസ് ഐ ഡി സി യുടെ സഹകരണത്തോടെ ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. രണ്ട് ദിനങ്ങളിലായി നടന്ന സമ്മേളനത്തിലെ നിർദ്ദേശങ്ങൾ കൊച്ചി പ്രഖ്യാപനം എന്ന പേരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു.

സമാപന സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു. കേരളത്തിൽ വ്യവസായം തുടങ്ങുന്നത് ധീരമായ പ്രവൃത്തിയാണെന്ന് ഗവർണർ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി കേരളത്തിലേക്ക് വ്യവസായികളെ കൊണ്ട് വരാൻ താൻ ശ്രമിക്കാറുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങളിലുള്ളവർ ഇവിടേക്ക് വരാൻ മടിക്കുകയാണ്. ഈ സ്ഥിതി മാറണം. ജനങ്ങളുടെ ക്ഷേമവും അഭിവൃദ്ധിയും മാത്രമായിരിക്കണം ഭരണകർത്താക്കളുടെയും നേതാക്കളുടേയും ലക്ഷ്യം. ജനങ്ങൾ എല്ലാം സൂക്ഷ്മമായി നീരീക്ഷിക്കുന്നുണ്ടെന്ന ബോധ്യം നേതാക്കൾക്ക് ഉണ്ടാകണമെന്നും ഗവർണർ ഓർമിപ്പിച്ചു. കേരളത്തിൻ്റെ എം എസ് എം ഇ മേഖലയും സ്റ്റാർട്ട്അപ്പ് രംഗവും അഭിമാനകരമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. കഠിനാധ്വാനത്തിലൂടെയല്ലാതെ ഒന്നും സാധ്യമല്ലന്നും ഗവർണർ പറഞ്ഞു.

ഫിക്കി എക്സലൻസ് അവാർഡുകളും ഗവർണർ സമ്മാനിച്ചു. കാരിത്താസ് (ആശുപത്രി), അമാൽഗം (മത്സ്യോൽപന്ന കയറ്റുമതി), പി.കെ സ്റ്റീൽ കാസ്റ്റിംഗ് ( നിർമാതാവ്), ഇസാഫ് (ബാങ്ക്), കെ എം എം എൽ (പൊതുമേഖല) എന്നിവരാണ് പുരസ്കാരങ്ങൾക്ക് അർഹരായത്.

ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ഡോ. എം.ഐ സഹദുള്ള, കോ ചെയർ വി.പി നന്ദകുമാർ, ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ, റൂറൽ ഡെവലപ്‌മെൻ്റ് കമ്മീഷണർ എം.ജി രാജമാണിക്യം, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഫിക്കി മുൻ ചെയർമാൻ ദീപക് അസ്വാനി എന്നിവർ സംസാരിച്ചു.

വിദ്യാഭ്യാസ- കലാ മേഖലകളിൽ കേരളത്തിൻ്റെ സാധ്യതകൾ സംബന്ധിച്ച പാനൽ ചർച്ചയിൽ ടി.പി ശ്രീനിവാസൻ, സൂര്യ കൃഷ്ണമൂർത്തി, സൗവിക് ഭട്ടാചാര്യ, പ്രൊഫ. എസ് വെങ്കട്ടരാമൻ, എ.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സപ്നു ജോർജ് മോഡറേറ്ററായിരുന്നു.

സ്വപ്നങ്ങൾ ഡോളറുകളാക്കാം എന്ന സെഷനിൽ എം.ജി രാജമാണിക്യം മോഡറേറ്ററായി. ഷെരീഫ് കോട്ടപ്പുറത്ത്, ഷാൻ കടവിൽ, ഡോ. സൗന്ദര്യ രാജേഷ് എന്നിവർ പങ്കെടുത്തു.

ദി സയൻസ് ഇൻ ഷോപ്പിംഗ് എന്ന വിഷയത്തിൽ കെ.രാധാകൃഷ്ണൻ, വർധിനി പ്രകാശ് എന്നിവർ സംസാരിച്ചു. ദീപക് എൽ അസ്വാനി മോഡറേറ്ററായി.

കേരളത്തിന് വേണ്ടത് ഇനിയെന്ത് എന്ന വിഷയത്തിൽ കേന്ദ്ര ടൂറിസം വകുപ്പ് മുൻ സെക്രട്ടറി വിനോദ് സുത്ഷി, റിയാസ് അഹമദ്, പ്രഭാത് സഹായ് വർമ, ബോസ് കൃഷ്ണമാചാരി, ബിരേന്ദ്ര സിംഗ് എന്നിവർ സംസാരിച്ചു. ഇ എം നജീബ് മോഡറേറ്ററായി.

സുസ്ഥിര ഇക്കോ വ്യവസ്ഥ സംബന്ധിച്ച സെഷനിൽ രഷ്മി അയിഷ മോഡറേറ്ററായി. ഡോ. അമിതാഭ് സരൺ, ഡോ.എൻ.ജയശങ്കർ, ബി.സന്ധ്യ, ആർ.പ്രദീപ് എന്നിവർ സംസാരിച്ചു.