ദേശീയപാതയോരങ്ങളില്‍ മുളകൊണ്ടുള്ള വേലികള്‍ ഒരുക്കാന്‍ കേന്ദ്ര ഗതാഗതമന്ത്രാലയം.
ദേശീയപാതയോരങ്ങളില്‍ വാഹനങ്ങള്‍ ഇടിച്ചിറങ്ങുന്നത് തടയാന്‍ ഉരുക്കിനുപകരം മുളകൊണ്ടുള്ള വേലികള്‍ (ക്രാഷ്ബാരിയറുകള്‍) ഒരുക്കാന്‍ കേന്ദ്ര ഗതാഗതമന്ത്രാലയം. ആദ്യഘട്ടത്തില്‍ കേരളമുള്‍പ്പെടെ 25 സംസ്ഥാനങ്ങളിലായി 86 കിലോമീറ്റര്‍ ദേശീയപാതയോരത്താണ് നടപ്പാക്കുക. ആറുമാസത്തിനുള്ളില്‍ പ്രാരംഭനടപടികള്‍ ആരംഭിക്കും. കാലാവസ്ഥയ്ക്ക് അനുയോജ്യമായി ശാസ്ത്രീയസംസ്‌കരണംനടത്തിയ മുളകളായിരിക്കും ഇതിന് ഉപയോഗിക്കുക. യൂറോപ്യന്‍ സുരക്ഷാനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നിര്‍മാണം.
വാഹനങ്ങള്‍ ഉരുക്കുവേലിയില്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളുടെ ആഘാതം കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. പരിസ്ഥിതിസൗഹൃദമാക്കുക, നിര്‍മാണച്ചെലവ് കുറയ്ക്കുക, രാജ്യത്തെ മുളവ്യവസായം ഉത്തേജിപ്പിക്കുക, ആ മേഖലയില്‍ കൂടുതല്‍ തൊഴില്‍സാധ്യത സൃഷ്ടിക്കുക എന്നിവയും ലക്ഷ്യമിടുന്നു. പരിപാലനം ആദ്യഘട്ടത്തില്‍ ദേശീയപാതാ അതോറിറ്റിക്കായിരിക്കും. ഉരുക്കുപയോഗിച്ചുള്ള നിര്‍മാണത്തിന് ഭാരം, ഗുണമേന്മ എന്നിവയെ ആശ്രയിച്ച് മീറ്ററിന് 2500 രൂപവരെ ചെലവുവരുന്നുണ്ട്.
ദേശീയ ബാംബുമിഷനുമായി സഹകരിച്ച് ഉയരത്തിലുള്ള ദേശീയപാതയോരങ്ങളില്‍ റോഡുകള്‍ക്ക് ഇരുവശവും മുള നട്ടുപിടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. കേരളത്തില്‍ ബാംബു കോര്‍പ്പറേഷന്‍ മലപ്പുറത്ത് 2018-ല്‍ പദ്ധതി നടപ്പാക്കിയിരുന്നു. മുളകൃഷിയുടെ പരിപാലം സംസ്ഥാന ബംബു കോര്‍പ്പറേഷനാണ്. കണ്ണൂരിലുള്‍പ്പെടെ പദ്ധതി വ്യാപിപ്പിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍ തടയാന്‍ മൂന്നാറിലെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഇടറോഡില്‍ മുളയും വള്ളിച്ചെടികളും നട്ടുപിടിപ്പിക്കാനുള്ള കേരള വനംവകുപ്പിന്റെ നിര്‍ദേശം ദേശീയപാതാ അതോറിറ്റിയുടെ പരിഗണനയിലാണ്.