ചരിത്ര നേട്ടം; എട്ടാംതവണയും ബാലണ്‍ ദ്യോര്‍ സ്വന്തമാക്കി മെസ്സി
എട്ടാം തവണയും ബാലണ്‍ ദ്യോര്‍ തിളക്കത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാളണ്ട്, കെവിന്‍ ഡി ബ്രൂയ്ന്‍, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാംപ്യന്മാരാക്കിയ പ്രകടനമാണ് മെസിയെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്.
സ്‌പെയിനെ ലോക ചാംപ്യന്മാരാക്കിയതിനൊപ്പം മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയ സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റിയാണ് വനിത ബലോണ്‍ ദ്യോര്‍ നേടിയത്. ബാഴ്‌സലോണയിലെയും സ്‌പെയിനിലെയും മികച്ച പ്രകടനമാണ് ഐതാനയെ ഈ നേട്ടത്തിലെത്തിച്ചത്. കഴിഞ്ഞവർഷം ഫ്രാൻസിന്റെ കരീം ബെൻസിമയായിരുന്നു ബാലൺദ്യോർ ജേതാവ്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി അര്‍ജന്റൈന്‍ താരം എമിലിയാനോ മാര്‍ട്ടിനെസ് സ്വന്തമാക്കി.
ബാലണ്‍ ദ്യോര്‍ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ താരവും മെസി തന്നെ. നേരത്തെ 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലായിരുന്നു പുരസ്‌കാരനേട്ടം. അഞ്ചുതവണ രണ്ടാം സ്ഥാനത്തും മെസ്സി എത്തിയിരുന്നു. ബാലൺദ്യോർ പുരസ്‌കാരം നേടിയ ഏക അർജന്റീനാ താരവും കൂടിയാണ് മെസ്സി.