ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ അടക്കം നല്കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പദ്ധതിക്ക് ഒരു വിദ്യാര്‍ഥിക്ക് 8 രൂപ നിരക്കാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും അതില്‍ക്കൂടുതല്‍ ചെലവ് വന്നാല്‍ ആരു വഹിക്കുമെന്നു ഹൈക്കോടതി കഴിഞ്ഞ തവണ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.
സ്കൂള്‍ ഫണ്ടില്‍ നിന്ന് ഈ തുക ലഭ്യമല്ലെങ്കില്‍ പിന്നെ എന്തു ചെയ്യാനാകുമെന്നതിലടക്കം കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും.
ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ വകയില്‍ പ്രധാനാധ്യാപകര്‍ക്ക് ലഭിക്കാനുള്ള കുടിശിക ഉടന്‍ നല്‍കണമെന്നും തുക മുന്‍കൂര്‍ നല്‍കണമെന്നുമാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വരാന്‍ കാരണമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ അറിയിച്ചത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് നിലപാടെടുത്ത കോടതി കുടിശികയ്ക്ക് പലിശ അടക്കം നല്‍കേണ്ടി വരുമെന്നും വാക്കാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.