കൊച്ചിയിൽ ഷവർമ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു.
കൊച്ചിയിൽ കാക്കനാട്ടെ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട യുവാവ് മരിച്ചു. കാക്കനാട് സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശി രാഹുൽ ആർ. നായരാണ് മരിച്ചത്.
കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിൽ തുടരുകയായിരുന്നു. ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് നിഗമനം.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറയുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഹുലിനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നാലെ ഹൃദയാഘാതം ഉണ്ടാവുകയും, കിഡ്നിയുടെ പ്രവർത്തനങ്ങൾ തകരാറിലാകുകയും ചെയ്തിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു.
കാക്കനാട്ടെ മാവേലിപുരത്തുള്ള ഹോട്ടലിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഡോക്ടറോട് യുവാവ് നൽകിയ മൊഴി പ്രകാരം ഷവർമ കഴിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്ന് പറഞ്ഞു. യുവാവിന്റെ പരാതിയിൽ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു.
വിഷയത്തിൽ ആരോഗ്യമന്ത്രി ഡി എച്ച് എസിനോട് വിശദീകരണം തേടിയിരുന്നു. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകുകയും ചെയ്തു.
സംസ്ഥാനത്ത് നിരോധിച്ച മായോണൈസ് ഷവർമയോടൊപ്പം വിതരണം ചെയ്തോ എന്നടക്കമുള്ള കാര്യങ്ങൾ ആരോഗ്യവകുപ്പ് പരിശോധിച്ചു വരികയാണ്