പാലിയേറ്റീവ് നഴ്‌സുമാർക്ക് 6130 രൂപ ശമ്പളവർധന
ദിവസവേതന- അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാലിയേറ്റീവ് കെയർ നഴ്സുമാർക്ക് 6130 രൂപയുടെ ശമ്പളവർധന. നിലവിലെ 18,390 രൂപ 24,520 രൂപയായി വർധിക്കും. സംസ്ഥാനത്തെ 1200 പാലിയേറ്റീവ് നഴ്സുമാർക്ക് ആശ്വാസമാകുന്നതാണ് തീരുമാനം. മറ്റു കരാർ ജീവനക്കാർക്ക് നൽകുന്ന ഓണം ഉത്സവബത്ത തദ്ദേശസ്ഥാപനങ്ങളിലെ പാലിയേറ്റീവ് നഴ്‌സുമാർക്കും അനുവദിക്കാൻ ധനവകുപ്പിനോട് ആവശ്യപ്പെടും.
ഓരോ തദ്ദേശസ്ഥാപനത്തിലും ശരാശരി 300 കിടപ്പുരോഗികളുണ്ടെന്നാണ് കണക്ക്. മാസത്തിൽ ചുരുങ്ങിയത് 20 ദിവസമെങ്കിലും കിടപ്പുരോഗികൾക്ക് സേവനം ലഭിക്കണമെന്നും വ്യവസ്ഥയുണ്ട്. മന്ത്രി എം ബി രാജേഷിന്റെ നിർദേശപ്രകാരം വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ–ഓർഡിനേഷൻ കമ്മിറ്റിയാണ് ശമ്പള വർധന അംഗീകരിച്ചത്. ആവശ്യമുന്നയിച്ച് പാലിയേറ്റീവ് കെയർ നഴ്സസ് ഫെഡറേഷൻ (സിഐടിയു) മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.