പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ഡാരിഷ് മെര്‍ജുയിയെയും (83) ഭാര്യയെയും അജ്ഞാത അക്രമി വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി.
മെര്‍ജുയിയെയും ഭാര്യ വഹിദെ മുഹമ്മദീഫറിനെയും കഴുത്തില്‍ മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ജുഡീഷ്യറി ഉദ്യോഗസ്ഥനായ ഹൊസൈൻ ഫസെലിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജൻസിയായ ഐ ആര്‍ എൻ എ റിപ്പോര്‍ട്ട് ചെയ്തു.
തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ ശനിയാഴ്ച രാത്രി മകള്‍ മോണ മെര്‍ജുയി ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയുള്ള ഭീഷണിയെക്കുറിച്ച് ഭാര്യ പരാതിപ്പെട്ടിരുന്നുവെങ്കിലും, അധികാരികള്‍ കൃത്യമായി അന്വേഷിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.