ഓപ്പറേഷൻ ബ്ലൂപ്രിന്റ് ; 57 പഞ്ചായത്തിൽ വിജിലൻസ് പരിശോധന
സംസ്ഥാനത്തെ 57 പഞ്ചായത്തിൽ ‘ഓപ്പറേഷൻ ബ്ലൂപ്രിന്റ്’ എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കെട്ടിട നിർമാണ പെർമിറ്റുകൾ നൽകുന്നതിലും കെട്ടിട നമ്പർ അനുവദിക്കുന്നതിലും ചില ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നതായും പഞ്ചായത്തുകൾ മുഖേനയുള്ള പ്രവൃത്തികളിലും മരാമത്ത് പണികളിലും കരാറുകാരെ തെരഞ്ഞെടുക്കുന്നതിലും ക്രമക്കേട് നടക്കുന്നതായുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എറണാകുളത്തെ ആറ് പഞ്ചായത്തിലും ഇടുക്കി, കോട്ടയം ജില്ലകളിൽ അഞ്ച് വീതവും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നാല് വീതവും വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മൂന്ന് വീതം പഞ്ചായത്തിലുമായിരുന്നു പരിശോധന.
മിന്നൽ പരിശോധന നടത്തിയ 57 പഞ്ചായത്തിലായി കെട്ടിട നിർമാണ അനുമതിക്കായുള്ള 1689 അപേക്ഷയും കെട്ടിട നമ്പറിനുവേണ്ടിയുള്ള 504 അപേക്ഷയും തീരുമാനമായിട്ടില്ല. തിരുവനന്തപുരം കാട്ടാക്കട പഞ്ചായത്തിൽ ഈ സാമ്പത്തികവർഷം ഇ- ടെൻഡറില്ലാതെ നാല് നിർമാണ പ്രവൃത്തി ഒരേ കരാറുകാരന് നൽകിയതായി കണ്ടെത്തി. കണ്ടെത്തിയ അപാകതകളെപ്പറ്റി കൂടുതൽ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്നും വിജിലൻസ് മേധാവി അറിയിച്ചു.