സർക്കാർ വാഹനങ്ങൾ കെ.എൽ. 90-ലേക്ക്, രജിസ്ട്രേഷൻമാറ്റാൻ ആറുമാസത്തെ സാവകാശം
സർക്കാർ, കേന്ദ്രസർക്കാർ, പൊതുമേഖലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ ശ്രേണിയായി കെ.എൽ. 90 അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാത്കൃത വിഭാഗം ഓഫീസിലേക്കാണ് ഇവയുടെ രജിസ്ട്രേഷൻ മാറ്റുന്നത്.
കെ.എൽ. 90 -എ സംസ്ഥാനസർക്കാർ, കെ.എൽ. 90 ബി- കേന്ദ്രസർക്കാർ, കെ.എൽ. 90 സി -തദ്ദേശം, കെ.എൽ. 90 ഡി-സർക്കാർ ഉടമസ്ഥതയിലുള്ള മറ്റുസ്ഥാപനങ്ങൾ എന്നിങ്ങനെയാണ് നമ്പർ അനുവദിച്ചിട്ടുള്ളത്.
മോട്ടോർവാഹന ചട്ടത്തിൽ വരുത്തേണ്ട മാറ്റത്തിന്റെ കരടും പ്രസിദ്ധീകരിച്ചു. ഒരു മാസത്തിനുള്ളിൽ അന്തിമവിജ്ഞാപനം ഇറങ്ങും. നിലവിലുള്ള വാഹനങ്ങളെല്ലാം കെ.എൽ. 90-ലേക്ക് മാറ്റാൻ ആറുമാസത്തെ സാവകാശമാണ് അനുവദിച്ചിട്ടുള്ളത്. അതത് സ്ഥാപനങ്ങൾ ഓൺലൈനിൽ അപേക്ഷ നൽകണം. അതിസുരക്ഷാ നമ്പർപ്ലേറ്റാണ് വാഹനങ്ങളിൽ ഘടിപ്പിക്കുക.
ധനവകുപ്പിന്റെ കണക്കുകൾപ്രകാരം 327 വകുപ്പുകൾക്കായി 15619 വാഹനങ്ങളാണുള്ളത്. മറ്റ് സ്ഥാനങ്ങളിലായി കുറഞ്ഞത് കാൽലക്ഷം വാഹനങ്ങളെങ്കിലും വേറെയുമുണ്ടാകും. സർക്കാർവാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് പുതിയ നമ്പർശ്രേണി കൊണ്ടുവരുന്നത്.