വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ചൈനീസ് കപ്പൽ ഷെൻ ഹുവ 15 ന് വാട്ടർ സല്യൂട്ടോടെ സ്വീകരണം

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ചൈനീസ് കപ്പൽ ഷെൻ ഹുവ 15 ന് വാട്ടർ സല്യൂട്ടോടെ സ്വീകരണം

വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലെത്തി. ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം.

34 വർഷം പ്രായമുള്ള കപ്പലാണ് ഷെൻഹുവ 15. ക്രെയിനുകൾ വഹിക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തതാണ് ഷെ‍ൻഹുവ 15. 233.6 മീറ്ററാണ് കപ്പലിന്റെ നീളം. വീതി 42 മീറ്റർ. 20 മീറ്റർ വരെ ആഴവുമുണ്ട്. ആദ്യ ചരക്കു കപ്പലിനെ കരയിലെത്തിക്കാൻ മൂന്നു ടഗ് ബോട്ടുകളാണ് ഉപയോഗിച്ചത്. 70 ടൺ ശേഷിയുള്ളതാണ് ഇവ.

രാജ്യത്തെ തുറമുഖങ്ങളി‍ൽ ഇന്നുപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ് ടു ഷോർ ക്രെയിനുമായാണ് കപ്പലെത്തിയത്. 94.78 മീറ്റർ ഉയരമുള്ള ക്രെയിൻ പ്രവർത്തിപ്പിച്ച് കപ്പലിൽ 72 മീറ്റർ അകലെയുള്ള കണ്ടെയ്നർ വരെ എടുക്കാനാകും. വിഴിഞ്ഞത്തേക്ക് ആകെ 8 ഷിപ് ടു ഷോർ ക്രെയിൻ എത്തിക്കുന്നുണ്ട്. ഇതിൽ ആദ്യത്തേതാണ് ഷെൻഹുവ 15ൽ ഉള്ളത്.