വിദ്യാർഥികളുടെ ഭാഷ, ഗണിതം എന്നിവയുടെ നിലവാരം പരിശോധിക്കാന്‍ പരീക്ഷ

വിദ്യാർഥികളുടെ ഭാഷ, ഗണിതം എന്നിവയുടെ നിലവാരം പരിശോധിക്കാന്‍ പരീക്ഷ

‘സംസ്ഥാനതല വിദ്യാഭ്യാസ പുരോഗതി സർവേ 2023’

രാജ്യത്തെ സ്കൂൾപഠനത്തിന്റെ നിലവാരം വിലയിരുത്താൻ സംസ്ഥാനതലത്തിൽ എൻ.സി.ഇ.ആർ.ടി. പരീക്ഷ നടത്തും. നവംബർ മൂന്നിനാണ് ‘സംസ്ഥാനതല വിദ്യാഭ്യാസ പുരോഗതി സർവേ 2023’ എന്ന പേരിലുള്ള വിലയിരുത്തൽ. മൂന്ന്, ആറ്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥികളുടെ ഭാഷ, ഗണിതം എന്നിവയുടെ നിലവാരം പരിശോധിക്കും. ബ്ലോക്കുതലങ്ങളിൽ തിരഞ്ഞെടുത്ത അംഗീകൃത വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് പരീക്ഷ. ഏതൊക്കെ സ്കൂളുകളിൽ പരീക്ഷ ഉണ്ടെന്ന് പിന്നീട് അറിയിക്കും. സർവേയുടെ ഭാഗമായി ഗമായി സംസ്ഥാനങ്ങളിൽ പരീക്ഷകൾ നടത്തിവന്നിരുന്നെങ്കിലും ഈ രീതിയിൽ ആദ്യമാണ്. മുമ്പ് മൂന്ന്, അഞ്ച്, എട്ട്, 10 ക്ലാസുകളിലായിരുന്നു പരീക്ഷ. അത് തുടരുമോ എന്നതിൽ വ്യക്തതയില്ല.

2020-ലെ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ‘നിപുൺ ഭാരത് മിഷൻ’ രൂപവത്കരിച്ചിട്ടുണ്ട്. സ്കൂളിൽ പോകുന്ന 55 ശതമാനം കുട്ടികൾക്കും ചെറിയ പുസ്തകംപോലും വായിക്കാനും മനസ്സിലാക്കാനും കഴിയുന്നില്ലെന്ന് ലോകബാങ്ക് കണ്ടെത്തിയതോടെയാണ് മിഷൻ തുടങ്ങിയത്.

2026-27-ഓടെ മൂന്നാം ക്ലാസിൽ പഠിക്കുന്ന എല്ലാ കുട്ടികളും ഭാഷയിലും ഗണിതത്തിലും അടിസ്ഥാന അറിവ് നേടണമെന്നാണ് ഉദ്ദേശിക്കുന്നത്. അതിന്റെ വിലയിരുത്തലാകും പരീക്ഷ. ഇതിൽനിന്നുള്ള വിവരം അടിസ്ഥാനമാക്കി ഭാവി പഠനരീതികൾ ക്രമീകരിക്കും. മൂന്നിൽ 40 മാർക്കിന്റെയും ആറിൽ 50 മാർക്കിന്റെയും ഒൻപതിൽ 60 മാർക്കിന്റെയും പരീക്ഷയാണ്. മൾട്ടിപ്പിൾ ചോയ്സ് രീതിയാണ്.