താജ് ഗ്രൂപ്പിന്റെ നൂറാമത്തെ ഹോട്ടൽ കൊച്ചിയിൽ
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ (ഐഎച്ച്സിഎല്‍), ലോകപ്രശസ്ത ബ്രാൻഡായ താജ് നൂറാമത്തെ ഹോട്ടൽ തുറക്കുന്നതായി പ്രഖ്യാപിച്ചു.
112 മുറികളുള്ള പുതിയ ഹോട്ടൽ കൊച്ചി വിമാനത്താവളത്തിന് അടുത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഓള്‍ ഡേ ഡൈനർ, ബാർ, ലോഞ്ച്, ഓപ്പൺ എയർ സ്പെഷ്യാലിറ്റി റെസ്റ്റോറന്‍റ് തുടങ്ങിയ സൗകര്യങ്ങള്‍ ഹോട്ടലിലുണ്ടാകും. ബാങ്ക്വറ്റിങ് സ്പെയിസുകള്‍, മീറ്റിംഗ് റൂമുകള്‍, സ്പാ, നീന്തൽക്കുളം, ജിംനേഷ്യം എന്നിവയും ഇതിൽ ഉൾപ്പെടും.
താജ് പോർട്ട്‌ഫോളിയോ ഇന്ത്യയിലുടനീളവും പ്രധാന അന്താരാഷ്ട്ര കേന്ദ്രങ്ങളിലുമായി 100 ഹോട്ടലുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഇത് ഒരു സുപ്രധാന സന്ദർഭമാണെന്ന് ഐഎച്ച്സിഎൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനീത് ഛത്വാൾ പറഞ്ഞു. ഈ വളർച്ച ഞങ്ങളുടെ പങ്കാളികൾ സ്ഥിരമായി ഞങ്ങളിൽ അർപ്പിക്കുന്ന അചഞ്ചലമായ വിശ്വാസത്തിന്‍റെ തെളിവാണ്.
ഈ യാത്രയിൽ ഞങ്ങളെ പിന്തുണച്ച ഞങ്ങളുടെ എല്ലാ പങ്കാളികൾക്കും അതിഥികൾക്കും ജീവനക്കാർക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഞങ്ങളുടെ രണ്ടാമത്തെ താജ് ഹോട്ടലിന് ധാരണയായതോടെ, തുറമുഖ നഗരമായ കൊച്ചിയിൽ മറ്റൊരു വിലാസം വാഗ്ദാനം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതിനായി കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ടുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1903–ൽ സ്ഥാപിതമായ താജിന്‍റെ ആധുനിക ബിസിനസ്സ് ഹോട്ടലുകള്‍ മുതല്‍ മനോഹരമായ ബീച്ച് റിസോർട്ടുകളും ആധികാരികവും ഗംഭീരവുമായ കൊട്ടാരങ്ങളും വരെയുള്ള ലോകപ്രശസ്തമായ ഹോട്ടലുകള്‍ ഓരോന്നും ഊഷ്മളമായ ഇന്ത്യൻ ആതിഥ്യമര്യാദയുടെയും ലോകോത്തര സേവനത്തിന്‍റെയും സമാനതകളില്ലാത്ത സംയോജനം വാഗ്ദാനം ചെയ്യുന്നവയാണ്.
ബ്രാൻഡ് ഫിനാൻസ് ഹോട്ടൽസ് 50 റിപ്പോർട്ട് 2022, ഇന്ത്യ 100 റിപ്പോർട്ട് 2022 എന്നിവ പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ ഹോട്ടൽ ബ്രാൻഡായും ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാൻഡായും താജ് റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൊച്ചി സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് പേരുകേട്ടതാണ്. കേരളത്തിന്‍റെ തെക്കുപടിഞ്ഞാറൻ തീരത്തുള്ള മനോഹരമായ ബീച്ചുകളുള്ള ഈ നഗരം ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പുതിയ ഹോട്ടൽ കൂടി വരുന്നതോടെ ഐഎച്ച്‌സിഎല്ലിന് താജ്, സെലക്ഷൻസ്, വിവാന്ത, ജിഞ്ചർ ബ്രാൻഡുകളിലായി കേരളത്തിലെമ്പായുമായി 17 ഹോട്ടലുകളുണ്ടാകും. പണി പൂർത്തിയായി വരുന്ന അഞ്ചെണ്ണം ഉള്‍പ്പെടെയാണിത്.