കോളേജ് ഗസ്റ്റ് അധ്യാപകനിയമനം: വിരമിച്ചവരെ പരിഗണിക്കില്ല , മാർഗരേഖ പുതുക്കിയുള്ള ഉത്തരവ് ഉടൻ
സർക്കാർ, എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകനിയമനത്തിന് വിരമിച്ച അധ്യാപകരെ പരിഗണിക്കാമെന്ന വ്യവസ്ഥ ഒഴിവാക്കി. മാർഗരേഖ പുതുക്കിയുള്ള ഉത്തരവ് ഉടൻ ഇറങ്ങും. പുതുക്കിയ മാർഗരേഖയിലെ മറ്റു വ്യവസ്ഥകൾ നിലനിൽക്കും. പിഎസ്സി റാങ്ക് പട്ടികയിലുള്ളവർക്കായിരിക്കും പ്രഥമ പരിഗണന.
യുജിസി ചട്ടമനുസരിച്ച് അസി. പ്രൊഫസറായി നിയമനത്തിന് യോഗ്യതയുള്ളവർക്ക് ഗസ്റ്റ് അധ്യാപകരാകാം. അതത് മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റുകളിൽ ഗസ്റ്റ് അധ്യാപകപാനലിൽ രജിസ്റ്റർചെയ്തവരെ പരിഗണിക്കാം.
തെരഞ്ഞെടുപ്പ് സമിതിയുടെ ചെയർമാൻ പ്രിൻസിപ്പലോ പ്രിൻസിപ്പൽ നിർദേശിക്കുന്ന മുതിർന്ന അധ്യാപകനോ ആയിരിക്കണം. വകുപ്പ് അധ്യക്ഷൻ/ ചുമതലവഹിക്കുന്നയാൾ, രണ്ട് വിഷയ വിദഗ്ധർ എന്നിവരും പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷം, വനിത, ഭിന്നശേഷി വിഭാഗക്കാർ അഭിമുഖത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ആ വിഭാഗത്തിൽനിന്നുള്ള ഒരു അധ്യാപക പ്രതിനിധിയും പാനലിലുണ്ടാകണം.
വിഷയവിദഗ്ധരിൽ ഒരാൾ നിർബന്ധമായും കോളേജിനുപുറത്തുനിന്നുള്ള ആളായിരിക്കണം. ഒരുദിവസം പരമാവധി മൂന്നുമണിക്കൂറാണ് ഗസ്റ്റ് അധ്യാപകരുടെ ജോലിസമയം. ആഴ്ചയിൽ അഞ്ച്-ഏഴ് മണിക്കൂറെങ്കിൽ പരമാവധി മൂന്നുദിവസമായും എട്ട്-പത്ത് മണിക്കൂറെങ്കിൽ പരമാവധി നാലുദിവസമായും 11 മണിക്കൂറോ അതിലേറെയോ ആണെങ്കിൽ പരമാവധി അഞ്ചുദിവസമായും കണക്കാക്കണം.
നിയമനം ദിവസവേതനാടിസ്ഥാനത്തിൽ ആയതിനാൽ ജോലിചെയ്യുന്ന ദിവസത്തെ ശമ്പളമേ ഗസ്റ്റ് അധ്യാപകർക്ക് ലഭിക്കൂ. മറ്റൊരു ആനുകൂല്യത്തിനും അർഹതയില്ല.സ്ഥിരാധ്യാപകരുടെ ശൂന്യവേതനാവധി മൂന്നുമാസമോ അതിലേറെയോ ആണെങ്കിൽ കോളേജുകൾക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കാം. സ്ഥിരാധ്യാപകർക്ക് 16 മണിക്കൂർവീതം ജോലിസമയം ഉറപ്പാക്കിയശേഷമേ ഗസ്റ്റ് അധ്യാപകരെ നിയമിക്കാവൂ. പ്രിൻസിപ്പലിന്റെ ഉത്തരവിനുവിധേയമായി ഇൻവിജിലേഷൻ ഡ്യൂട്ടി, മൂല്യനിർണയം എന്നിവയ്ക്കും കലാകായിക പ്രവർത്തനങ്ങൾക്കും പഠനയാത്രയ്ക്കുമൊക്കെ ഗസ്റ്റ് അധ്യാപകരെ നിയോഗിക്കാം.