തുഷാർ മെഗാ ടൂറിസം മേളയ്ക്ക് മികച്ച പ്രതികരണം
ഡിഎംസി മുതൽ ഹോം സ്റ്റേ വരെ; കേരളത്തിലേക്ക് വിദേശനാടുകളിൽ നിന്ന് വിദ്യാർഥികളെ എത്തിക്കാൻ കഴിയണം: സന്തോഷ് ജോർജ് കുളങ്ങര
കേരളത്തിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ക്രിയാത്മക സമീപനം വേണമെന്ന് ആഹ്വാനം.
പ്രളയത്തിനും കോവിഡിനും ശേഷം കേരളത്തിലെ ടൂറിസം മേഖലയുടെ പുത്തനുണർവ് പ്രഖ്യാപിച്ച് തുഷാർ മെഗാ ടൂറിസം മേള .കേരളത്തിലെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പ്രൊഫഷണൽ സംഘടനയായ കേരളൈറ്റ്സ് ട്രാവൽസ് ആൻഡ് ടൂർസ് കൺസോർഷ്യം (കെ ടി ടി സി) കൊച്ചിയിൽ സംഘടിപ്പിച്ച മെഗാ ടൂറിസം ബി ടു ബി മേളയിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡെസ്റ്റിനേഷൻ മാനേജ്മെൻറ് കമ്പനികൾ മുതൽ ഹോം സ്റ്റേ വരെയുള്ള ടൂറിസം സംരംഭകർ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 746 ട്രാവൽ ഏജൻ്റുമാർ രജിസ്റ്റർ ചെയ്തിരുന്നു. ആയിരത്തിലേറെ ട്രാവൽ ഏജൻ്റുമാരാണ് ഇത്തവണ മേളയ്ക്കെത്തിയത്. നൂറോളം സ്റ്റാളുകളും മേളയ്ക്കെത്തിയിരുന്നു.
കേരളത്തിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ നാടുകളിൽ നിന്ന് വിദ്യാർഥികളെ എത്തിക്കാൻ കഴിയണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത സന്തോഷ് ജോർജ് കുളങ്ങര അഭിപ്രായപ്പെട്ടു.മറ്റു രാജ്യങ്ങളിലെ കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലേക്ക് വരികയും നമ്മുടെ വിദ്യാഭ്യാസ നിലവാരം അതിനൊത്ത് ഉയരുകയും ചെയ്താൽ ഉന്നതവിദ്യാഭ്യാസ രംഗത്തും ടൂറിസം രംഗത്തും കേരളത്തിന് നേട്ടം കൈവരിക്കാൻ കഴിയും. വിദേശ വിദ്യാർഥികളെ പഠിപ്പിക്കാൻ നമ്മുടെ സർവ്വകലാശാലകൾ തയ്യാറാവുകയും അക്കാദമിക് നിലവാരം ഉയർത്തുകയും ചെയ്താൽ വിദേശ രാജ്യങ്ങളിൽ നിന്ന് വിദ്യാർഥികൾ കേരളത്തിലെത്തുമെന്ന് സന്തോഷ് ജോർജ് കുളങ്ങര ചൂണ്ടിക്കാട്ടി. കേരളം പലവിധ മാറ്റങ്ങൾക്ക് വിധേയമായെങ്കിലും ആ മാറ്റങ്ങൾ ഗുണപരമായോ എന്ന് സംശയമുണ്ട്. പുതിയ തലമുറയെ ആവേശം കൊള്ളിക്കുന്ന രീതിയിൽ ഭരണാധികാരികളുടെ കാഴ്ചപ്പാടും മാറണം. ഇക്കാര്യത്തിൽ വിദേശ രാജ്യങ്ങളിലെ ഭരണകർത്താക്കൾ മാതൃകയാക്കണഎംമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ക്രിയാത്മക സമീപനം വേണമെന്ന് ടൂറിസം മേളയിൽ പങ്കെടുക്കാനെത്തിയ വിദഗ്ദ്ധർ ആവശ്യപ്പെട്ടു. പ്രമുഖ യു ട്യൂബർ ഹാരീസ് അമീറലി സംസാരിച്ചു. കെ ടി ടി സി പ്രസിഡന്റ് മനോജ് എം വിജയൻ മേളയ്ക്ക് തിരി തെളിച്ചു. സെക്രട്ടറി സ്നോജ് മച്ചിങ്ങൽ, ട്രഷറർ ഡെന്നി ജോസ്, ജോ.സെക്രട്ടറി കെ.ആർ ആനന്ദ്, ഷാജി കല്ലായി എന്നിവർ സംസാരിച്ചു.
യൂറോപ്യൻ രാജ്യങ്ങൾ, പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, തായ്ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതൽ വാണിജ്യ കൂടിക്കാഴ്ച്ചകൾ നടന്നത്. സൂംബി, ല്യൂക്കാസ്, ടിക്കറ്റ് ഡോട്ട് കോം തുടങ്ങിയ മുൻനിര ഡിഎംസികളും മേളക്കെത്തിയിരുന്നു.
ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ടൂർ കമ്പനികൾ, ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവർ വാണിജ്യ കൂടിക്കാഴ്ചകളിൽ പങ്കെടുത്തു. ആയുർവേദ ടൂറിസം, ഫാം ടൂറിസം, ഹോം സ്റ്റേ എന്നിവരുടെ സ്റ്റാളുകൾ, സെമിനാറുകൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. കേരളത്തിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനും വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ ഡെസ്റ്റിനേഷനുകൾ പരിചയപ്പെടുത്തുന്നതിനും പുതിയ ട്രെൻഡുകൾ എന്നിവ ചർച്ച ചെയ്യുന്നതിനും പ്രത്യേക സെഷനുകൾ ഒരുക്കിയിരുന്നു.