മിസ് യൂണിവേഴ്സ് മത്സരത്തിലെ ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കി
വിശ്വസുന്ദരിയെ കണ്ടെത്താനുള്ള മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇനി മുതല്‍ ഉയര്‍ന്ന പ്രായപരിധിയില്ല. 18 വയസിന് മുകളില്‍ പ്രായമുള്ള ഏതൊരു സ്ത്രീക്കും മത്സരത്തില്‍ പങ്കെടുക്കാം. 71-ാമത് മിസ് യൂണിവേഴ്സ് കിരീടം നേടിയ അമേരിക്കയുടെ ആര് ബോണി ഗബ്രിയേല ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലാണ് ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്.
1952 മുതല്‍ തുടര്‍ച്ചയായി നടത്തിവരുന്ന മത്സരത്തിന് ഇതുവരെ 28 വയസായിരുന്നു ഉയര്‍ന്ന പ്രായപരിധി. ഇതിനൊപ്പം വിവാഹിതരും വിവാഹമോചിതരും ഗര്‍ഭിണികളുമായ മത്സരാര്‍ഥികള്‍ക്കുള്ള നിയന്ത്രണങ്ങളും എടുത്തുമാറ്റി. തായ്ലന്ഡിലെ പ്രമുഖ മാധ്യമ വ്യവസായിയും ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആനി ജക്രാജുതാതിപ് മിസ് യൂണിവേഴ്സ് ഓര്ഗനൈസേഷന് സ്വന്തമാക്കിയതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങള്‍. കഴിഞ്ഞ വര്‍ഷം 20 മില്ല്യണ്‍ ഡോളറിനാണ് ആനി ജക്രാജുതാതിപ് ഓര്ഗനൈസേഷന് വാങ്ങിയത്.
ഒരു സ്ത്രീക്ക് മത്സരിക്കാനും കഴിവ് തെളിയിക്കാനും പ്രായം ഒരു തടസ്സമല്ലെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുകയാണ് ചെയ്യേണ്ടതെന്നും ഗബ്രിയേല ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ സംസാരിച്ചു. നിലവില്‍ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ ഏറ്റവും പ്രായം കൂടിയ വനിതയാണ് ആര് ബോണി ഗബ്രിയേല. 2022-ല്‍ വിജയിയായ ഗബ്രിയേലയ്ക്ക് ഇപ്പോള്‍ 29 വയസാണ് പ്രായം. അന്ന് ന്യൂ ഓര്‍ലിയാന്‍സില്‍ നടന്ന മത്സരത്തിലെ ചോദ്യോത്തര റൗണ്ടിനിടെ സംഘടനയുടെ നിയമങ്ങളില്‍ എന്ത് മാറ്റങ്ങള്‍ വരുത്തുമെന്ന് ചോദിച്ചപ്പോള്‍ പ്രായപരിധി ഉയര്‍ത്താന്‍ ശ്രമിക്കുമെന്നായിരുന്നു ഗബ്രിയേല ഉത്തരം നല്‍കിയിരുന്നത്.