പണമടച്ചില്ലെങ്കിലും ഒന്നും ചെയ്യാനാവില്ല, മോർഫിങ് മാത്രമാണ് ആപ്പുകളുടെ വഴി; പോലീസ് നിസ്സഹായർ’
വായ്പാ ആപ്പുകളുടെ ഭീഷണിയിൽ നീറിപ്പുകയുന്ന ആയിരക്കണക്കിനു കുടുംബങ്ങൾ കേരളത്തിലുണ്ടെന്ന് പോലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. എന്നാൽ, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയിലാണ് പോലീസും മറ്റ് ഏജൻസികളും. പരാതി വരുമ്പോൾ കേസെടുത്താലും ആപ്പുകൾക്കെതിരെ ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഓൺലൈൻ ഗെയിമുകളുടെ കാര്യത്തിൽ പലപ്പോഴും ആപ്പുകൾ നിരോധിക്കപ്പെടുന്നുണ്ടെങ്കിലും വായ്പാ ആപ്പുകൾ അങ്ങനെയല്ല. ഇതിനെതിരെ ബോധവൽക്കരണത്തിന് പോലീസ് ലക്ഷ്യമിടുന്നുണ്ട്. ആയിരത്തോളം പോലീസുദ്യോഗസ്ഥർക്ക് സൈബർ ഓപ്പറേഷൻസിൽ പരിശീലനം നൽകുന്നു. ഇതിൽ ആദ്യ 300 പേർ പരിശീലനം പൂർത്തിയാക്കി.
_കേരള പോലീസിലെ സൈബർ ഓപ്പറേഷന്റെയും ക്രൈംബ്രാഞ്ചിന്റെയും തലവൻ എഡിജിപി എച്ച്.വെങ്കടേഷ് പറയുന്നു._
▫️വായ്പാ ആപ്പുകളിൽ നിന്ന് പണമെടുത്തവർ ആത്മഹത്യയിലേക്ക് പോകുന്ന സാഹചര്യം വന്നിട്ടും പോലീസിന് ഫലപ്രദമായി ഇടപെടാൻ കഴിയുന്നില്ലല്ലോ?
ഇത് സാധാരണ സൈബർ തട്ടിപ്പുകൾ പോലെയല്ല. ഈടൊന്നും വയ്ക്കാതെ അവരിൽ നിന്ന് പണം വായ്പയെടുക്കുന്നതാണ്. ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ മുതൽ ശ്രദ്ധിക്കാത്തതു കൊണ്ടാണ് ഗുരുതരമായ പ്രതിസന്ധിയിലെത്തുന്നത്.
▫️ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്താണ്?
പണം വാഗ്ദാനം ചെയ്തുവരുന്ന ആപ്പുകൾ എല്ലാം ഡൗൺലോഡ് ചെയ്യുന്ന ഘട്ടത്തിൽ ഫോണിലെ കോൺടാക്ട് നമ്പറുകളും ഗാലറിയും വീഡിയോകളുമെല്ലാം ആക്സസ് ചെയ്യാനുള്ള അനുമതി തേടുന്നുണ്ട്. പണം കിട്ടാനുള്ള തിടുക്കത്തിൽ ഇതിനെല്ലാം അനുമതി നൽകും. ഇതാണ് ആദ്യ കുരുക്ക്. കോൺടാക്ട് ഉൾപ്പെടെ ആക്സസ് ചെയ്യാൻ അനുമതി നിഷേധിക്കണം. അതില്ലാതെ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഉപേക്ഷിക്കുകയും വേണം.
▫️വായ്പയെടുത്ത ശേഷം ഉണ്ടാകുന്ന ഭീഷണികളെ എങ്ങനെ നേരിടണം?
അപ്പോൾ തന്നെ പോലീസിനെ സമീപിക്കണം. പണം തിരിച്ചടച്ചില്ലെങ്കിലും ഈ ആപ്പുകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പണം ഈടാക്കാൻ ആപ്പ് നിയന്ത്രിക്കുന്നവർക്ക് മാർഗമില്ല. അതുകൊണ്ടാണ് ഭീഷണിപ്പെടുത്തുന്നതും നിങ്ങളുടെ ചിത്രം പ്രൊഫൈലുകളിൽ നിന്നോ സമൂഹമാധ്യമത്തിൽ നിന്നോ എടുത്ത് മോർഫ് ചെയ്ത് ബന്ധുക്കൾക്ക് ഉൾപ്പെടെ അയച്ചു കൊടുക്കുന്നതും. ഭീഷണിയാകുമ്പോൾ തന്നെ പോലീസിൽ പരാതി നൽകിയാൽ ഇതു തടയാൻ കഴിയും. ഭീഷണി സന്ദേശങ്ങൾ സേവ് ചെയ്യാനും വിളിക്കുന്ന ഫോൺ നമ്പർ കുറിച്ചു വയ്ക്കാനും മറക്കരുത്.
ഏതാണ്ട് 180 ആപ്പുകളാണ് ഇത്തരം വായ്പാ ആപ്പുകളായി രംഗത്തുവന്നതെന്നും ഇതിൽ പലതും നിരോധിച്ചുവെന്നും ഇന്റലിജൻസ് മേധാവി എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. ചൈനീസ് ആപ്പുകളാണ് വായ്പാ വാഗ്ദാനവുമായി രംഗത്തു വന്നത്. ചൈനീസ് ആപ്പുകളെ കേന്ദ്രസർക്കാർ നിരോധിച്ചപ്പോൾ സാമ്പത്തിക ഇടപാട് നടത്തുന്ന ചില ഇന്ത്യൻ സ്ഥാപനങ്ങളുമായി ചേർന്ന് കോൾ സെന്റർ തുടങ്ങി മുഖം മാറ്റി പ്രത്യക്ഷപ്പെടുന്നതാണ് പുതിയ രീതി. ഇതും നിരീക്ഷണത്തിലാണ്.