കോതമംഗലം അഗ്നിരക്ഷാനിലയത്തിന് പുതിയ വാഹനം; ആന്റണി ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു
കോതമംഗലം അഗ്നിരക്ഷാനിലയത്തിലേക്ക് പുതുതായി ലഭിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ അഗ്നിരക്ഷാ വാഹനം ആന്റണി ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഫസ്റ്റ് റെസ്പോണ്ട് വെഹിക്കിൾ എന്ന ഈ വാഹനം ചെറിയതും ഇടുങ്ങിയ വഴികളിലും രക്ഷാപ്രവർത്തനനം നടത്തുന്നതിന് ഏറെ ഉപകാരപ്രദമാണ്.
അഗ്നിശമന പ്രവർത്തനങ്ങൾക്കും വാഹനാപകടങ്ങൾ പോലെയുള്ള സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനത്തിനും ഈ വാഹനം ഉപയോഗിക്കാം. ആധുനിക രീതിയിലുള്ള രക്ഷാ ഉപകരണങ്ങളും ഈ വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ രാഷ്ട്രപതിയുടെ ഫയർ സർവ്വീസ് മെഡൽ നേടിയ ഗ്രേഡ് അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.അനിൽ കുമാർ, സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ പി.എം റഷീദ് എന്നിവരെ എം.എൽ.എ ആദരിച്ചു.
കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ എ.ജി ജോർജ്, സ്റ്റേഷൻ ഓഫീസർ സി.പി ജോസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ എൽദോസ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ കെ.എം മുഹമ്മദ് ഷാഫി, ഗ്രേഡ് സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ കെ.പി ഷമീർ എന്നിവർ പങ്കെടുത്തു.