സർക്കാർ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാർ; ഘട്ടംഘട്ടമായി എല്ലാ മെഡിക്കല്‍ കോളേജുകളിലും
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനി സോഷ്യൽ വർക്കർമാരുടെ സേവനവും. എംഎസ്ഡബ്ല്യു/ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുക. മെഡിക്കൽ കോളേജുകളിൽ നടപ്പാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണിത്. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പാക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ ആദ്യഘട്ടമായി സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കും. ഘട്ടംഘട്ടമായി മറ്റ് മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കും.
അത്യാഹിത വിഭാഗത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായകരമായ പ്രവർത്തനങ്ങൾക്കാണ് സോഷ്യൽ വർക്കർമാരെ ഉപയോഗിക്കുക. ഡോക്ടർമാർ, നഴ്സിങ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുടെ സംഘത്തിൽ സോഷ്യൽ വർക്കറും അംഗമാകും. രോഗികളെയും കുടുംബാംഗങ്ങളെയും മറ്റ് ടീമംഗങ്ങളെയും ഏകോപിപ്പിക്കുക, രോഗിക്കും കുടുംബത്തിനും രോഗാവസ്ഥ വ്യക്തമാക്കി നൽകുക, രോഗികൾക്ക് സർക്കാർ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുക, സേവനങ്ങൾ ലഭ്യമാകാൻ സഹായിക്കുക എന്നിവയാണ് ഉത്തരവാദിത്തം. ഇതോടൊപ്പം ഡിസ്ചാർജിലും തുടർചികിത്സയിലും ഡോക്ടറെ സഹായിക്കുകയും വേണം.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ കോളേജുകളിൽനിന്നുള്ള എംഎസ്ഡബ്ല്യുക്കാർക്ക് മെഡിക്കൽ കോളേജുകളിൽ പരിശീലനം നൽകും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 15 പേർക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനം നൽകി. മെഡിക്കൽ കോളേജുകളിൽ ജനസൗഹൃദ അന്തരീക്ഷം ഉറപ്പാക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പാക്കുന്നത്.
രോഗികളുമായും കൂട്ടിരിപ്പുകാരുമായും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കൺട്രോൾ റൂമും പിആർഒ സേവനവും ലഭ്യമാക്കാൻ മന്ത്രി വീണാ ജോർജ് ഉന്നതതല യോഗത്തിൽ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.