രണ്ടാം വന്ദേഭാരത് റൂട്ട് കേരളത്തില്‍ത്തന്നെ, ലോക്കോ പൈലറ്റുമാര്‍ക്കുള്ള സൂചനാബോര്‍ഡ് സ്ഥാപിച്ചു
രണ്ടാം വന്ദേഭാരതിന്റെ അന്തിമ റൂട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കേരളത്തിലൂടെയാണെന്ന് ഉറപ്പിക്കാം. മംഗളൂരു-കാസര്‍കോട് സെക്ഷനില്‍ വന്ദേഭാരതിന്റെ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ലോക്കോപൈലറ്റുമാര്‍ക്ക് എന്‍ജിന്‍ വൈദ്യുതി ഓഫാക്കാനുള്ള നിര്‍ദേശം നല്‍കുന്ന ബോര്‍ഡുകളാണിവ. വന്ദേഭാരത് മംഗളൂരുവില്‍ തുടങ്ങി കാസര്‍കോട് വഴി കേരളത്തിലൂടെ ഓടിക്കുമെന്നതിന്റെ സൂചനയാണിത്.
ത്രീ ഫേസ് വൈദ്യുതിയുടെ അറിയിപ്പ് സാധാരണ തീവണ്ടി എന്‍ജിന്‍, മെമു, വന്ദേ ഭാരത് എന്നിവയ്ക്ക് പ്രത്യേക സംവിധാനമാണ്. നിലവില്‍ തിരുവനന്തപുരം-കാസര്‍കോട് വരെ വന്ദേ ഭാരത് ഓടുന്നതിനാല്‍ ബോര്‍ഡുണ്ട്. കഴിഞ്ഞദിവസം കാസര്‍കോട്-മംഗളൂരു സെക്ഷനില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. മംഗളൂരു-തിരുവനന്തപുരം, മംഗളൂരു-കോട്ടയം, മംഗളൂരു-എറണാകുളം, മംഗളൂരു-കോയമ്പത്തൂര്‍ എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്.
അതേസമയം, ഓഗസ്റ്റ് 30-ന് ദക്ഷിണ റെയില്‍വേക്ക് അനുവദിച്ച് കേരളത്തിലേക്ക് റൂട്ട് നിശ്ചയിച്ച വന്ദേഭാരത് ഇതുവരെ പരീക്ഷണ ഓട്ടം നടത്തിയിട്ടില്ല. വണ്ടി ചെന്നൈയിലെ ബേസിന്‍ ബ്രിഡ്ജ് യാര്‍ഡില്‍ത്തന്നെയാണുള്ളത്. മംഗളൂരുവില്‍നിന്നുള്ള എന്‍ജിനിയര്‍മാരുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തി.