സി പി എം നേതാവ് സി എന്‍ മോഹനനെതിരെ അപകീര്‍ത്തിക്കേസ്.
സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനനെതിരെ അപകീര്‍ത്തിക്കേസുമായി മൂവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്നാടൻ പങ്കാളിയായ നിയമസ്ഥാപനം.
2.50 കോടി രൂപ നഷ്ടപരിഹാരമാണ് ‘കെഎംഎൻപി ലോ’ എന്ന സ്ഥാപനം ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പ് പറയണം, അല്ലെങ്കില്‍ പണം നല്‍കണമെന്നാണ് ആവശ്യം. ഇതിന് തയ്യാറായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകണമെന്നും മോഹനന് സുപ്രീംകോടതി അഭിഭാഷകൻ മുഖേന നല്കിയ നോട്ടീസില്‍ പറയുന്നു.
മുഖ്യമന്ത്രി വീണാ വിജയനെതിരെ മാത്യു കുഴല്നാടൻ രംഗത്തെത്തിയതിന് പിന്നാലെ സി എൻ മോഹനൻ എറണാകുളത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനിടെ മാത്യു കുഴല്നാടൻ കൂടി പങ്കാളിയായ നിയമസ്ഥാപനത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, മോഹനന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് കമ്പനിയുടെ നിലപാട്.
മോഹനൻ ഉന്നയിച്ചതുപോലെ കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്നും ദുബായില്‍ ഓഫീസ് ഇല്ലെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിയമമേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ ഇത്തരം ആരോപണം ഉന്നയിച്ചത് അപകീര്‍ത്തികരമാണെന്നും നോട്ടീസില്‍ പറയുന്നു.