അഞ്ഞൂറോളം പേർക്ക് അന്നമൂട്ടാനുള്ള സൗകര്യങ്ങളോടെ ഫെയ്സ് പുതിയ ആസ്ഥാന മന്ദിരത്തിലേക്ക്

അഞ്ഞൂറോളം പേർക്ക് അന്നമൂട്ടാനുള്ള സൗകര്യങ്ങളോടെ ഫെയ്സ് പുതിയ ആസ്ഥാന മന്ദിരത്തിലേക്ക്

കൊച്ചി: നഗരത്തിലെ തെരുവോരങ്ങളിൽ കഴിയുന്നവരും ആരോരുമില്ലാത്തവരുമായ ഇരുന്നൂറോളം പേർക്ക് ദിവസേന സൗജന്യ ഭക്ഷണം നൽകുന്ന ഫെയ്സ് ഫൗണ്ടേഷൻ കൂടുതൽ സൗകര്യങ്ങളോടെ ഗാന്ധിനഗറിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പൊലൂഷൻ കൺട്രോൾ ബോർഡ് ഓഫീസിന് സമീപമാണ് പുതിയ ഓഫീസും ഊട്ടുപുരയും ആരംഭിച്ചത്. ദിവസേന അഞ്ഞൂറോളം പേർക്ക് സൗജന്യ ഭക്ഷണം നൽകാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രൊഫ. എം.കെ സാനുവാണ് ഫെയ്സ് ഫൗണ്ടേഷന് നേതൃത്വം നൽകുന്നത്.

പുതിയ മന്ദിരത്തിൻ്റെയും ഊട്ടുപുരയുടെയും ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ജനങ്ങളുടെ ആശാ കേന്ദ്രമായി ഫെയ്സ് മാറണമെന്ന് ഹൈബി ഈഡൻ പറഞ്ഞു. സത്യസന്ധമായും ആത്മാർഥമായുമുള്ള പ്രവർത്തനങ്ങളാണ് ഫെയ്സ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ് ഓഫീസിന് മുന്നിൽ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫുഡ് ബോക്സും സ്ഥാപിച്ചു.

ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദു മോൾ മുഖ്യാതിഥിയായിരുന്നു. ഫെയ്സ് മാനേജിംഗ് ട്രസ്റ്റി ടി.ആർ ദേവൻ അധ്യക്ഷത വഹിച്ചു. ലൈറ്റ് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ നൂർ മുഹമ്മദ് സേഠ് മുഖ്യ പ്രഭാഷണം നടത്തി. കുട്ടികൾക്കുള്ള പഠന സഹായ വിതരണം ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.വി ഷാജി നിർവഹിച്ചു.

ഫെയ്സ് സെക്രട്ടറി സുഭാഷ് ആർ മേനോൻ, സീഫി ഡയറക്ടർ ഡോ. മേരി അനിത, റസിഡൻറ്സ് അപക്സ് കൗൺസിൽ സെക്രട്ടറി ടി.എസ് മാധവൻ, ആർ.ഗിരീഷ്, അഡ്വ.എ.സാലിഷ്, രത്നമ്മ വിജയൻ, കടവന്ത്ര ഈസ്റ്റ് ലയൺസ് ക്ലബ്ബ് സെക്രട്ടറി എസ്.മോഹൻ, കുമ്പളം രവി, എം.എൻ ഗിരി, എം.ആർ ആശിഷ്, കാവ്യ അന്തർജനം പി.ആർ.ഒ വിനു വിനോദ് എന്നിവർ പ്രസംഗിച്ചു.

ഫെയ്സ് വൈസ് ചെയർമാൻ ഡോ.ടി.വിനയ് കുമാർ സ്വാഗതവും ഓഡിറ്റർ എ.എസ് രാജൻ നന്ദിയും പറഞ്ഞു.