ആഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിനം’: പ്രഖ്യാപനവുമായി മോദി
ചാന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങിയ ദിവസമായ ആഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരുവിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്ന വേളയിലാണ് മോദിയുടെ പ്രഖ്യാപനം. ആഗസ്റ്റ് 23നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. ഇതിന്റെ സ്മരണയ്ക്കായാണ് ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നതെന്ന് മോദി പറഞ്ഞു.
ദക്ഷിണാഫ്രിക്ക, ഗ്രീസ് സന്ദർശനത്തിന് ശേഷം ഇന്ന് രാവിലെയാണ് മോദി തിരികെയെത്തിയത്. ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനായാണ് മോദി ഐഎസ്ആർഒ ആസ്ഥാനത്തെത്തിയത്. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് ചന്ദ്രയാൻ-3ന്റെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനിമുതൽ “ശിവശക്തി പോയിന്റ് ‘ എന്ന് അറിയപ്പെടുമെന്ന് മോദി പറഞ്ഞു. 2019 ൽ ചന്ദ്രയാൻ -2 തകർന്ന ചന്ദ്രനിലെ പോയിന്റിനും പേര് നൽകിയിട്ടുണ്ട്. ‘തിരംഗ’ എന്നാണ് പേര്.
ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽ വെച്ചായിരുന്നു മോദിയുടെ പ്രഖ്യാപനം. ചാന്ദ്രയാൻ 3ന്റെ വിജയത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുണ്ടെന്നും ദൗത്യത്തിൽ പങ്കാളികളായ എല്ലാ ശാസ്ത്രജ്ഞരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.