വല നിറഞ്ഞ് പിടപിടയ്ക്കുന്ന തിരുത; മത്സ്യഫെഡ് ഫിഷ് ഫാമിൽ മത്സ്യോത്സവത്തിനു ഗംഭീര തുടക്കം
ആദ്യ വലയിൽ നിറയെ പിടപിടയ്ക്കുന്ന തിരുത! മത്സ്യാഘോഷമായി മത്സ്യഫെഡ് മാലിപ്പുറം ഫിഷ് ഫാം ആന്റ് അക്വാ ടൂറിസം സെന്ററിലെ തിരുത മത്സ്യ വിളവെടുപ്പ്. കെ എൻ ഉണ്ണിക്കൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പുതിയ ഫ്ലോട്ടിങ് ഹട്ടിന്റെയും വാട്ടർ സ്പോട്ടിങ് ഉപകരണങ്ങളുടെയും ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. നിർവഹിച്ചു. മണ്ഡലത്തിലെ മത്സ്യകൃഷി രംഗത്ത് വൻ കുതിപ്പ് സാധ്യമാക്കുന്നതാണ് മത്സ്യഫെഡിന്റെ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ അദ്ധ്യക്ഷനായി. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രസികല പ്രിയരാജ്,, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ എം എസ് ഇർഷാദ്, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി ബി ഫ്രാൻസിസ്, ലത ഉണ്ണിരാജ്, വാർഡ് അംഗം സുരേഷ് കുമാർ, മത്സ്യഫെഡ് അക്വാൾച്ചർ ഡിവിഷൻ ജനറൽ മാനേജർ എൻ അനിൽ, ഫാം മാനേജർ ഡോ. പി എസ് ശിവപ്രസാദ്, ഞാറക്കൽ- മാലിപ്പുറം മത്സ്യഫാം ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മത്സ്യഫെഡ് ചെയർമാൻ വിളവെടുത്ത മത്സ്യത്തിന്റെ ആദ്യ വിൽപന നടത്തി. ഒരു ടൺ തിരുതയാണ് ഓണത്തോടനുബന്ധിച്ച് ഇവിടെ വിപണനത്തിനു ലക്ഷ്യമിടുന്നത്. മത്സ്യഫെഡിന്റെ ഞാറക്കൽ, മാലിപ്പുറം ഫാമുകളിൽ സന്ദർശകർക്ക് ബോട്ടിങ്ങും രുചികരവുമായ ഭക്ഷണവും അടങ്ങിയ ആകർഷകങ്ങളായ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്.
മത്സ്യഫെഡിന്റെ ഫാമുകളിൽ നിന്നും പൊതുജനങ്ങൾക്ക് വിഷരഹിതമായ മത്സ്യം ലഭ്യമാകും. ഇന്നു മുതൽ (ഓഗസ്റ്റ്25) വിളവെടുക്കുന്ന തിരുത മത്സ്യ വില്പന പൂർണ തോതിൽ ഓഫീസ് സമയങ്ങളിൽ ഉണ്ടാകും.
മത്സ്യഫെഡിന്റെ മണ്ഡലത്തിലെ കായലോര ടൂറിസം സെന്ററുകളിലെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ പുതിയ വാട്ടർ സ്പോർട്ടിങ് ഉപകാരണങ്ങളായ പെഡൽ ബോട്ട്, റോവിങ് ബോട്ട്, കായാക്കി, കൊട്ടവഞ്ചി എന്നിവ എത്തിച്ചിട്ടുണ്ട്. കൂടാതെ മാലിപ്പുറം ഫാമിൽ കായലിനു നടുവിൽ 12 പേരുവരെയുള്ള സഞ്ചാരികൾക്ക് ചൂണ്ട ഇടുവാനും ഭക്ഷണം കഴിക്കുവാനുമുള്ള ഫ്ലോട്ടിങ് ഹട്ടും ഒരുക്കിയിട്ടുണ്ട്.