ഗണപതി അവഹേളനം; കോൺഗ്രസ് സിപിഎമ്മുമായി ഒത്തുതീർപ്പാക്കി – കെ. സുരേന്ദ്രൻ. ഷംസീർ മാപ്പ് പറയും വരെ ബി ജെ പി പ്രതിഷേധിക്കും.

ഗണപതി അവഹേളനം; കോൺഗ്രസ് സിപിഎമ്മുമായി ഒത്തുതീർപ്പാക്കി – കെ. സുരേന്ദ്രൻ. ഷംസീർ മാപ്പ് പറയും വരെ ബി ജെ പി പ്രതിഷേധിക്കും.

 

ഗണപതി അവഹേളനം നടത്തിയ സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രതിഷേധിക്കാതെ യു ഡി എഫ് സി പി എമ്മുമായി ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.

 

കാക്ക ചത്താൽ പോലും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകുന്ന പ്രതിപക്ഷം ഹിന്ദുക്കളുടെ പ്രധാന ദൈവമായ ഗണപതിയെ സഭാനാഥൻ അധിക്ഷേപിച്ചിട്ടും നോട്ടീസ് കൊടുക്കാൻ തയ്യാറാവാത്തത് വോട്ട്ബാങ്ക് രാഷ്ട്രീയ താത്പര്യമുള്ളത് കൊണ്ടാണ്. ഗണപതി ഹിന്ദു ദൈവം ആയത് കൊണ്ടാണ് പ്രതിപക്ഷം തങ്ങളുടെ ധർമ്മം നിർവഹിക്കാത്തത്.

ഹിന്ദുക്കളുടെ മേൽ കുതിരകയറാൻ ആർക്കും അവകാശമുണ്ടെന്നാണ് കോൺഗ്രസ് കരുതുന്നത്. ഷംസീറിനെതിരെ ഞങ്ങൾ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു കെ.സുധാകരൻ പറഞ്ഞത്. ഇതാണോ കോൺഗ്രസിന്റെ ശക്തമായ നടപടി?

ഇങ്ങനെ മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളായിരുന്നു അധിക്ഷേപത്തിന് ഇരയായിരുന്നതെങ്കിൽ യു ഡി എഫ് മിണ്ടാതിരിക്കുമോ? മുസ്ലിം ലീഗിനെ പേടിച്ചിട്ടാണോ കോൺഗ്രസ് മിണ്ടാത്തത്? അതോ മറ്റ് മുസ്ലിം മതമൗലികവാദികളെയാണോ കോൺഗ്രസിന് പേടി? കോൺഗ്രസും സിപിഎമ്മും ഒത്തുതീർപ്പുണ്ടാക്കിയാലും ബിജെപി ഷംസീറിനെതിരായ പ്രതിഷേധത്തിൽ നിന്നും ഒരിഞ്ച് പിന്നോട്ട് പോവില്ല. ഷംസീർ മാപ്പ് പറയുന്നത് വരെ ശക്തമായ പ്രതിഷേധം തുടരും.

നാളെ യുവമോർച്ച നിയമസഭയിലേക്ക് മാർച്ച് നടത്തും. 10 ന് ബി ജെ പി നിയമസഭയിലേക്ക് നാമജപ ഘോഷയാത്ര നടത്തും. എല്ലാ ജില്ലകളിലും സി പി എമ്മിന്റെ ഹിന്ദു അവഹേളനത്തിനെതിരെ പ്രതിഷേധമുണ്ടാവുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പൊലീസ് സംവിധാനത്തിന്റെ പരാജയമാണ് കേരളത്തിൽ ഇത്രയധികം കുറ്റകൃത്യങ്ങളുണ്ടാകാൻ കാരണം. ആലുവയിൽ അഞ്ചുവയസുകാരിയെ കാണാതായിട്ടും പൊലീസിന് ഒന്നും ചെയ്യാൻ സാധിച്ചില്ല.

അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാനുള്ള ഒരു സംവിധാനവും കേരള പൊലീസിനില്ല. പ്രതിവർഷം 5,000 കോടിയിലധികം രൂപയുടെ മയക്കുമരുന്നുകളാണ് കേരളത്തിലേക്ക് വരുന്നത്. ഇത് എങ്ങോട്ടാണ് വരുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നില്ല.

അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക പൊലീസ് സ്റ്റേഷനുകൾ വേണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ്ട്രാക്ക് കോടതികൾ വേണം. യു പി മോ‍ഡൽ പൊലീസ് സംവിധാനം കേരളത്തിലും നടപ്പാക്കണം. യോഗി ആദിത്യനാഥ് എല്ലാ ഗുണ്ടകളെയും മാഫിയകളെ അടിച്ചമർത്തി. കുറ്റകൃത്യങ്ങളിൽ ഏറ്റവും മുമ്പിലുള്ള സംസ്ഥാനമായിരുന്ന യു പി ഇന്ന് ക്രൈം റേറ്റിൽ ഏറ്റവും പിന്നിലാണ്. വിലക്കയറ്റം കാരണം സംസ്ഥാനത്ത് ആളുകളുടെ ജീവിതം പൊറുതിമുട്ടി കഴിഞ്ഞു. ഓണം ഉണ്ണാൻ മലയാളിക്ക് കഴിയാത്ത സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.