മിത്ത് വിവാദം: മലക്കം മറിഞ്ഞ് ഗോവിന്ദൻ

മിത്ത് വിവാദം: മലക്കം മറിഞ്ഞ് ഗോവിന്ദൻ

 

അല്ലാഹു മിത്തല്ലെന്നും ഗണപതി മിത്താണെന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

 

താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന്റെ അപ്പുറവും ഇപ്പുറവും കേട്ടാല്‍ അത് മനസിലാകും. അല്ലാഹുവും ഗണപതിയും വിശ്വാസപ്രമാണത്തിന്റെ ഭാഗമാണ്. അത് മിത്താണെന്ന് പറയേണ്ട കാര്യം എന്താണെന്നും ഗോവിന്ദന്‍ ചോദിച്ചു.

ഗണപതി മിത്താണെന്ന് ഷംസീറും താനും പറഞ്ഞിട്ടില്ല. അതിന്റെ പേരില്‍ കള്ളപ്രചാര വേല നടത്തുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികളായ ആളുകള്‍ ഗണപതിയെ വിശ്വസിക്കുന്നു. അളളാഹുവിനെ വിശ്വസിക്കുന്നു. ആ വിശ്വാസ പ്രമാണത്തിന്റെ ഭാഗമായി അവര്‍ വിശ്വസിക്കുന്നതിനെ ആരും ചോദ്യം ചെയ്തിട്ടില്ല. തെറ്റായ കള്ളപ്രചാരണ വേല നടത്തുകയാണ്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കും. അവരുടെ വര്‍ഗീയനിലപാടുകള്‍ തുറന്നുകാണിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു

സ്വര്‍ഗം ഉണ്ടെങ്കിലല്ലേ സ്വര്‍ഗത്തിലെ മറ്റുള്ളവരെ പറ്റി പറയേണ്ടതുള്ളു. നരകവും സ്വര്‍ഗവും ഉണ്ടെങ്കില്‍ അല്ലേ തനിക്ക് അത് വിശദീകരിക്കേണ്ടതുള്ളു. അത് തനിക്ക് ബാധകമല്ല. നാമജപം നടത്തിയാലും ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചാലും നിയമം ലംഘിച്ചാല്‍ കേസ് എടുക്കുമെന്നത് പൊലീസിന്റെ നിയമപരമായ സമീപനമാണ്. അതില്‍ അഭിപ്രായം പറയേണ്ട കാര്യം സി പി എമ്മിന് ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.