പ്രായ പൂർത്തിയാകാത്ത പെൺ കുട്ടികളുമായി ബംഗാള്‍ സ്വദേശികള്‍ പിടിയിൽ
നെടുമ്പാശേരിയില്‍ ബംഗാളിൽ നിന്നും പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളുമായി വന്ന രണ്ട് ബംഗാൾ സ്വദേശികൾ പൊലീസ് പിടിയിലായി.
ഇന്നലെ രാത്രി ഏഴരയോടെ പുറയാർ ഗാന്ധിപുരത്താണ് സംഭവം. പെൺകുട്ടികൾ യഥാക്രമം 13, 17 വയസ് പ്രായമുള്ളവരും യുവാക്കൾ 20, 22 വയസുകാരുമാണ്. 22കാരന്റെ മാതാവ് പുറയാറിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്കായി വീട്ടുടമ നിർമ്മിച്ച് നൽകിയ താത്കാലിക ഷെഡിലേക്കാണ് ഇരുവരും കുട്ടികളെ കൊണ്ടുവന്നത്. പെൺകുട്ടികൾ രണ്ട് പേരും സ്കൂൾ ബാഗ് സഹിതമാണ് വന്നത്.
22 കാരൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. 13 കാരി നേരത്തെ ബംഗാളിലെ ജുവനൈൽ ഹോമിലായിരുന്നു. മാതാവിന്റെ അപേക്ഷയിൽ അടുത്തിടെയാണ് വീട്ടിലേക്ക് വിട്ടു കിട്ടിയത്. നെടുമ്പാശേരി പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.