യാത്ര മുടങ്ങിയത് സജി ചെറിയാന്റെ പിടിപ്പുകേട് മൂലം ; വി.മുരളീധരന്
ബഹ്റൈന്‍ യാത്രയ്ക്ക് സജി ചെറിയാന് അപേക്ഷ സമര്‍പ്പിച്ചത് രണ്ടു ദിവസം മുമ്പ് മാത്രമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്.
പത്താം തിയതിയിലെ യാത്രക്കുള്ള അപേക്ഷ ഒന്‍പതാം തിയതി മാത്രമാണ് വിദേശകാര്യവകുപ്പില്‍ ലഭിച്ചത്. പതിനൊന്നാം തിയതി അനുവാദം നല്‍കിയെന്ന് വിദേശകാര്യസഹമന്ത്രി വ്യക്തമാക്കി. യാത്രാനുമതിക്ക് മുമ്പ് ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെയും വിദേശകാര്യവകുപ്പിലെ ബന്ധപ്പെട്ട ഡസ്കിന്റെയും പരിശോധന ആവശ്യമാണ്. ഈ നടപടികള്‍ക്ക് കുറഞ്ഞത് ഒരു ദിവസമെങ്കിലും വേണമെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്.
സാധാരണഗതിയിൽ യാത്രയ്ക്ക് 15 ദിവസം മുമ്പെങ്കിലും അപേക്ഷ നൽകേണ്ടതാണ്. അവസാന നിമിഷം മാത്രം അപേക്ഷ സമര്‍പ്പിച്ചത് എന്തുകൊണ്ടെന്ന് സജി ചെറിയാന് വിശദീകരിക്കണമെന്നും വി.മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ സ്റ്റാഫിനു പോലും ഇക്കാര്യങ്ങള്‍ അറിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ പഴിച്ചിട്ട് കാര്യമില്ല. അബുദബി ഇന്‍വെസ്റ്റ്മെന്റ് ഫോറത്തില്‍ കേരള മുഖ്യമന്ത്രിക്ക് റോളില്ലെന്ന് വിദേശകാര്യവകുപ്പിന് ബോധ്യപ്പെട്ടതിനാലാണ് അനുമതി നിഷേധിച്ചത്. പല മുഖ്യമന്ത്രിമാരും അപേക്ഷിച്ചെങ്കിലും അനുമതി നല്‍കിയില്ല. സംസ്ഥാനത്തിനും രാജ്യത്തിനും അപമാനമുണ്ടാകുന്ന തരത്തിലുള്ള പങ്കാളിത്തം ഉണ്ടാകരുത് എന്നതിനാലാണ് തീരുമാനമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.