2.59 കോടിയുടെ തീരദേശ പുനരുദ്ധാരണ പദ്ധതി റോഡുകൾ മെയ് 13 മന്ത്രി ഉദ്ഘാടനം ചെയ്യും
വൈപ്പിൻ / കടമക്കുടി: മണ്ഡലത്തിൽ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം മെയ് 13 ഫിഷറീസ്, സാംസ്കാരിക, യുവജന മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. മൊത്തം രണ്ടുകോടി അമ്പത്തിയെട്ടു ലക്ഷത്തി അറുപതിനായിരം (2,58, 60,000) രൂപ ചെലവിൽ കടമക്കുടി, പള്ളിപ്പുറം പഞ്ചായത്തുകളിലായി നിർമ്മിച്ച അഞ്ചുറോഡുകളാണ് ഇന്ന് നാടിനു സമർപ്പിക്കുന്നത്.
കോരാമ്പാടം സർവ്വീസ് സഹകരണ ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംപി മുഖ്യതിഥിയാകും. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ പരിപാടിയുടെ തത്സമയ സംപ്രേഷണമുണ്ടാകും.
കടമക്കുടി പഞ്ചായത്ത് വാർഡ് 12ലെ പാലിയംതുരുത്ത് റോഡ് ഒരു കോടി ഏഴ് ലക്ഷ (107.10) ത്തിനും വാർഡ് 11ലെ മാളികമുക്ക് ബോട്ട് ജെട്ടി റോഡ് 37.20 ലക്ഷത്തിനുമാണ് നിർമ്മിച്ചത്. പള്ളിപ്പുറം പഞ്ചായത്തിൽ വാർഡ് 16ലെ സ്റ്റാർ ലൈൻ റോഡ് 51.60 ലക്ഷം, വാർഡ് 19ലെ വാടയ്ക്കകം റോഡും കാനയും 27 ലക്ഷം, വാർഡ് 17ലെ കരുത്തല മടലടി മില്ല് റോഡ് 35.70 ലക്ഷം എന്നിങ്ങനെ തുക ചെലവഴിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.